ഇന്ദിര ഗാന്ധിയായി കങ്കണ റണൗട്ട്; 'എമർജൻസി' ടീസർ പുറത്ത്; കഥയും സംവിധാനവും കങ്കണ തന്നെ
അടിയന്തരാവസ്ഥ പശ്ചാത്തലമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണൗട്ട് അഭിനയിക്കുന്ന ചിത്രമാണ് 'എമര്‍ജന്‍സി'. ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അടിയന്തരാവസ്ഥ പശ്ചാത്തലമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.
ചിത്രത്തിനായി ഗംഭീര മേക്കോവറാണ് കങ്കണ നടത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയുമായി അമ്പരിപ്പിക്കുന്ന സാമ്യമാണ് കങ്കണക്കുള്ളത്. ടീസറും ഫസ്‍റ്റ്‍ലുക്ക് പോസ്റ്ററും അതാണ് തെളിയിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. റിതേഷ് ഷായാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ രേണു പിറ്റിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മണികർണിക ഫിലിംസിന്‍റെ പേരിലുള്ള യൂട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷം അതേ ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'എമർജെൻസി.' 2019 ൽ റിലീസ് ചെയ്‌ത മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയായിരുന്നു നടി ആദ്യം സംവിധാനം ചെയ്ത ചിത്രം.
അതേസമയം ഇതാദ്യമായിട്ടല്ല കങ്കണ ഒരു രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്‌ത 'തലൈവി' എന്ന ചിത്രത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കങ്കണ അവതരിപ്പിച്ചിരുന്നു.