'മനോഹര ചിത്രം; ഭഗവദ്ഗീത വായിക്കുന്ന സെക്‌സ് രംഗം ഏറ്റവും പ്രിയപ്പെട്ടത്'; 'ഓപൺഹൈമറി'നെ പ്രകീർത്തിച്ച് കങ്കണ

''ഒരു സിനിമാ രതിമൂർച്ഛ പോലെയായിരുന്നു എനിക്ക് ഓപൺഹൈമർ. ക്രിസ്റ്റഫർ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രം. നമ്മുടെ കാലത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്.''

Update: 2023-08-01 06:14 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഹിന്ദുവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപമുയർന്ന ഹോളിവുഡ് ചിത്രം 'ഓപൺഹൈമറി'ന് പ്രശംസയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ചിത്രം ഏറെ ഇഷ്ടപ്പെട്ടെന്നും ക്രിസ്റ്റഫർ നോളന്റെ ഏറ്റവും മികച്ച ചിത്രമാണിതെന്നും കങ്കണ അഭിപ്രായപ്പെട്ടു. ഏറെ വിവാദമായ ഭഗവദ്ഗീത രംഗമാണ് ചിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട ഭാഗമെന്നും നടി വെളിപ്പെടുത്തി.

ഇൻസ്റ്റഗ്രാമിലാണ് കങ്കണ ചിത്രത്തിനു പ്രശംസയുമായി രംഗത്തെത്തിയത്. 'രണ്ടാം ലോകയുദ്ധത്തിനിടയിൽ അമേരിക്കയ്ക്കു വേണ്ടി ആണവ ബോംബ് നിർമിച്ച ഒരു ജൂത ഊർജതന്ത്രജ്ഞന്റെ കഥയാണ് ചിത്രം. അദ്ദേഹം ഇടതുപക്ഷക്കാരനാണെന്നാണ് അവർ കരുതുന്നത്. കമ്മ്യൂണിസത്തിന്റെ ഭാഗമായിരുന്നുവെന്നു മാത്രമല്ല, ആഴത്തിലുള്ള രാഷ്ട്രീയവ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. അമേരിക്ക അദ്ദേഹത്തെ സോവിയറ്റ് യൂനിയൻ ചാരനും ദേശദ്രോഹിയുമായാണു കണ്ടത്. അതു തെറ്റാണെന്നും തന്റെ ദേശസ്‌നേഹവും തെളിയിക്കാൻ വേണ്ടിയാണ് ഓപൺഹൈമർ ആണവായുധം നിർമിക്കുന്നത്. എന്നാൽ, ഇതിനിടയിലുള്ള മാനവികപ്രശ്‌നങ്ങൾ സംഘർഷത്തിലേക്കു നയിക്കുകയും ചെയ്യുന്നു'-ചിത്രത്തെക്കുറിച്ച് കങ്കണ പറഞ്ഞു.

ക്രിസ്റ്റഫർ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് ഓപൺഹൈമറെന്നും നടി അഭിപ്രായപ്പെട്ടു. നമ്മുടെ കാലത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്. ചിത്രം അവസാനിക്കരുതേ എന്നായിരുന്നു മനസിൽ. ഞാൻ ആഴത്തിൽ ഇഷ്ടപ്പെടുന്നതെല്ലാം അതിനകത്തുണ്ട്. ഫിസിക്‌സും പൊളിറ്റിക്‌സുമെല്ലാം എനിക്ക് ഏറെ താൽപര്യമുള്ള വിഷയങ്ങളാണ്. മനോഹരമാണെന്നു മാത്രമല്ല, ഒരു സിനിമാ രതിമൂർച്ഛ പോലെയായിരുന്നു എനിക്കത്. ഭഗവദ്ഗീതയും വിഷ്ണു ഭഗവാനും പരാമർശിക്കപ്പെടുന്ന രംഗമാണ് ഏറ്റവും പ്രിയപ്പെട്ട ഭാഗമെന്നും കങ്കണ വ്യക്തമാക്കി. ചിത്രം കാണണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് നടി.

ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫൻ നോളൻ ചിത്രം തിയറ്ററിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. അണുബോംബിന്റെ നിർമാതാവായി അറിയപ്പെടുന്ന ജെ. റോബർട്ട് ഓപൺഹെയ്മറിന്റെ ജീവിതം ആസ്പദമാക്കിയാണ് നോളന്റെ ചിത്രം. ഇന്ത്യൻ ബോക്‌സ്ഓഫിസിലും റെക്കോർഡുകൾ ഭേദിച്ചാണ് ചിത്രം പ്രദർശനം തുടരുന്നത്. ഇതിനിടെയാണ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവും ബഹിഷ്‌ക്കരണാഹ്വാനവുവുമായി രംഗത്തെത്തിയത്.

ചിത്രത്തിൽ ഒരു ഭാഗത്ത് ലൈംഗികബന്ധത്തിനിടെ പ്രധാന കഥാപാത്രം ഭഗവദ്ഗീത വായിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇത് ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ആക്ഷേപം. വിവാദങ്ങൾക്കു പിന്നാലെ വിവാദ സെക്സ് രംഗത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. ഈ രംഗം നീക്കംചെയ്യാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും നിർദേശമുണ്ടായിരുന്നു.

Summary: Bollywood star Kangana Ranaut praises Oppenheimer; calls controversial 'Bhagavad Gita' scene her favourite

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News