പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് പോലും തുടങ്ങിയിട്ടില്ല; രാഷ്ട്രീയ പ്രവര്‍ത്തനം സിനിമാ കരിയറിനെ ബാധിച്ചുവെന്ന് കങ്കണ
അമേരിക്കന്‍ മാഗസിനായ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ ഒരു രാഷ്ട്രീയക്കാരിയാകുന്നത് അത്ര എളുപ്പമല്ലെന്ന് കങ്കണ പറഞ്ഞു
മുംബൈ: കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി എത്തുന്ന 'എമര്‍ജന്‍സി' തിയറ്ററുകളിലേക്കെത്തുകയാണ്. കങ്കണ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനം. സെപ്തംബര്‍ 6നാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്‍റെ പ്രമോഷനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ഒരു ബി.ജെ.പി എംപി എന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതം എങ്ങനെ തൻ്റെ സിനിമാ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മാണ്ഡി ലോക്സഭാംഗമായ താരം. അമേരിക്കന്‍ മാഗസിനായ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ ഒരു രാഷ്ട്രീയക്കാരിയാകുന്നത് അത്ര എളുപ്പമല്ലെന്ന് കങ്കണ പറഞ്ഞു.
"ഒരു പാർലമെൻ്റേറിയൻ ആകുക എന്നത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. പ്രത്യേകിച്ച് എൻ്റെ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്, അതിനാൽ ഞാൻ എല്ലായിടത്തും എത്തേണ്ടതായി വരുന്നു'' കങ്കണ പറയുന്നു. തൻ്റെ രാഷ്ട്രീയ ജീവിതം കാരണം തൻ്റെ സിനിമകൾ എങ്ങനെയാണ് പിന്നോട്ട് പോയതെന്നും അവർ വ്യക്തമാക്കി. "സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. ശീതകാല സമ്മേളനം പോലെയുള്ള കൂടുതൽ പാർലമെൻ്റ് സമ്മേളനങ്ങളുടെ വിശദാംശങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. അതിനനുസരിച്ച് വേണം ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ തീരുമാനിക്കാന്‍'' കങ്കണ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപ്രവര്‍ത്തനം പോലെ അഭിനയവും തനിക്ക് ഒരുപോലെയാണെന്നും മുന്‍ഗണന അനുസരിച്ചാണ് ഓരോന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അവര്‍ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലും നയതന്ത്രത്തിലും താൻ ഒരു രാഷ്ട്രീയക്കാരിയാകുന്നതിന് വളരെ മുമ്പുതന്നെ രാജ്യത്തിൻ്റെ ഭരണഘടന എങ്ങനെ വികസിച്ചു എന്നതിലും തനിക്ക് വലിയ താൽപര്യമുണ്ടായിരുന്നുവെന്നും കങ്കണ പറയുന്നു.
അതേസമയം എമര്‍ജന്‍സിയുടെ ട്രെയിലര്‍ നാളെ പുറത്തിറക്കും. ഷേക്സ്പിയറിന്‍റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രമൊരുക്കിയതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്. ഇന്ദിരയായിട്ടുള്ള കങ്കണയുടെ മേക്കോവര്‍ തന്നെ അതിശയിപ്പിക്കുന്നതാണ്. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും കങ്കണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കന്നി വിജയത്തിനു ശേഷമാണ് കങ്കണയുടെ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.