പുരുഷന്‍മാരെ വിശ്വാസമില്ല; നടി കനിഷ്ക സ്വയം വിവാഹിതയായി

നാലു മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ചേക്കേറിയ താരമാണ് കനിഷ്‌ക

Update: 2022-08-27 04:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: ക്ഷമ ബിന്ദുവിന് ശേഷം സോളോഗമിയിലൂടെ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് ടെലിവിഷന്‍ താരം കനിഷ്ക സോണി. പുരുഷന്‍മാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് താന്‍ സ്വയം വിവാഹിതയായതെന്നാണ് കനിഷ്ക പറയുന്നത്. നാലു മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ചേക്കേറിയ താരമാണ് കനിഷ്‌ക. ഹിറ്റ് സീരിയലായ ദിയാ ഓര്‍ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021ല്‍ ആദി പരാശക്തി എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്.

പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍ അധികമാകില്ലെന്നും തനിക്ക് അവരെ തീരെ വിശ്വാസമില്ലെന്നും പറഞ്ഞ കനിഷ്‌ക പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ടോക്സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് താന്‍ തന്നെ പ്രണയിക്കുന്നതാണെന്നു പറഞ്ഞാണ് കനിഷ്‌ക സ്വയം വിവാഹിതയായത്. ഭഗവാന്‍ ശ്രീകൃഷ്ണനോട് മാത്രമാണ് ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഞാനിപ്പോള്‍ വിവാഹിതയാണ്. അവനു വേണ്ടി ഞാന്‍ എന്നെ സമര്‍പ്പിച്ചിരിക്കുന്നു. ഇത് ഒറ്റരാത്രി കൊണ്ട് എടുത്ത തീരുമാനമല്ല...കനിഷ്ക പറഞ്ഞു. 

ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു വിവാഹം. സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ആഗസ്ത് 6ന് സോഷ്യല്‍മീഡിയയില്‍ മാരിറ്റല്‍ സ്റ്റേറ്റസ് നടി മാറ്റിയിട്ടുണ്ട്. വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് സ്വയം വിവാഹം കഴിക്കാനുള്ള പ്രചോദനം ക്ഷമയല്ലെന്നാണ് കനിഷ്‌ക പറയുന്നത്. "കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു നിർമാതാവിന്‍റെ മകൻ എന്നോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നെ ആകർഷിക്കാൻ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്യുകയും വൈകാരികമായി എന്നെ അവനിലേക്ക് അടുപ്പിക്കുകയും ചെയ്തു. വേഗം കുട്ടികളൊക്കെയായി സെറ്റിലാവണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടാണ് അയാളുടെ തനിനിറം ഞാന്‍ തിരിച്ചറിയുന്നത്. ജോലിക്ക് പോകാന്‍ അയാള്‍ എന്നെ അനുവദിച്ചില്ല. എന്‍റെ കരിയര്‍ അയാള്‍ നശിപ്പിച്ചു. വിട്ടുവീഴ്ചക്ക് തയ്യാറാവാതെ തന്നെ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുമായിരുന്നു. പക്ഷെ അയാള്‍ എന്‍റെ ഫോൺ തകർത്തു, എന്നെ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. അവൻ എന്നെ ഒതുക്കിക്കളഞ്ഞു'' കനിഷ്ക ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പല സമയങ്ങളിലും അയാള്‍ അക്രമാസക്തനാകുമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കനിഷ്ക പറയുന്നു. ''ഷൂട്ടിനു മുന്‍പ് അദ്ദേഹം എന്നെ തുടര്‍ച്ചയായി അടിക്കുമായിരുന്നു. ഒരു കാരണവുമില്ലാതെയാണ് മര്‍ദ്ദിക്കുന്നത്. എന്നെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിയുമായിരുന്നു. എന്നെ പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ എന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഷൂട്ടിംഗിന് പോകാന്‍ എനിക്ക് സാധിച്ചില്ല. എന്‍റെ കരിയറും പേരും അയാള്‍ നശിപ്പിച്ചു. അവൻ മറ്റൊരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യാതിരിക്കാൻ ഞാൻ അവനെ ഉപേക്ഷിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. അവൻ മാറുമെന്ന പ്രതീക്ഷയിൽ രണ്ടു വർഷത്തോളം ഞാൻ അവനോടൊപ്പം തുടർന്നു. നിരവധി സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. പാര്‍ട്ടികളില്‍ പോയ അയാള്‍ തിരികെ വരാന്‍ രാത്രി മുഴുവന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു. ആത്മാര്‍ഥമായിട്ടാണ് ഞാനയാളെ സ്നേഹിച്ചത്. ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാന്‍. "ആ അധ്യായം അവസാനിച്ചതിന് ശേഷം, ഞാൻ ആരോടും ഡേറ്റ് ചെയ്തിട്ടില്ല. ഞാൻ ഇപ്പോള്‍ ഒറ്റയ്‌ക്ക് ലോംഗ് ഡ്രൈവിന് പോകുന്നു. ആ അവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുരുഷനൊപ്പം ജീവിക്കാന്‍ എനിക്ക് ഭയമാണ്'' കനിഷ്ക പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News