'കണ്ണൂർ സ്ക്വാഡിന്' രണ്ടാം ഭാഗം ഉണ്ടായേക്കും: മമ്മൂട്ടി
ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു
ദുബൈ: സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി നടൻ മമ്മുട്ടി. ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ തന്റെ പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മുട്ടി
സിനിമക്കെതിരെ പ്രേക്ഷകർ മന:പൂർവം മാർക്കിടാറില്ല. അതേസമയം സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകർ നടത്തേണ്ടത്. ഓരോരുത്തർക്കും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെതായി മാറുന്നത് ശരിയല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മുട്ടി പ്രതികരിച്ചു
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുതിയ സിനിമയുടെ റിലീസ് അടുക്കുമ്പോൾ തനിക്ക് പരിഭ്രമവും ആശങ്കയും ഉണ്ടാകാറുണ്ട്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന കുട്ടിയുടെ അവസ്ഥയാണതെന്നും മമ്മുട്ടി പറഞ്ഞു. നാളെ റിലീസിനൊരുങ്ങുന്ന 'കണ്ണൂർ സ്ക്വാഡിന്' രണ്ടാം ഭാഗം വരാൻ സാധ്യതയുണ്ടെന്നും മമ്മുട്ടി വ്യക്തമാക്കി. കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമായ റോണി ഡേവിഡ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവർക്കു പുറമെ ഗ്ലോബൽ ട്രൂത്ത് സി.ഇ.ഒ അബ്ദുസ്സമദും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.