മിന്നൽ മുരളിക്ക് സ്വന്തം വേർഷനുമായി കേരള പൊലീസ്
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുകിടക്കുമ്പോഴാണ് പൊലീസിന് ഇത്തരത്തില്‍ പ്രമോഷന്‍ നല്‍കുന്നതെന്ന് വിഡിയോക്ക് താഴെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്
ഏറെ കാത്തിരിപ്പിനൊടുവിൽ ടോവിനോ തോമസ് ചിത്രം 'മിന്നൽ മുരളി' നാളെ നെറ്റ്ഫ്‌ളിക്‌സിൽ റിലീസിനെത്തുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാൽ, 'മിന്നൽ മുരളി' ഉണ്ടാക്കിയ ഓളം മുതലെടുത്ത് ചിത്രത്തിന് ഒരു പൊലീസ് വേർഷവുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പൊലീസിന്റെ പ്രമോഷൻ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മിന്നൽ മുരളി കേരള പൊലീസ് വേർഷൻ എന്ന അടിക്കുറിപ്പോടെയാണ് 2.23 മിനിറ്റ് ദൈർഘ്യം വരുന്ന പ്രമോ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. മോഷണം, ഗുണ്ടാവിളയാട്ടം മുതൽ സ്ത്രീ പീഡനം വരെ കുറ്റകൃത്യങ്ങൾ നടക്കുന്നയിടത്തെല്ലാം കേരള പൊലീസിന്റെ മിന്നൽ മുരളി മിന്നൽവേഗത്തിൽ ഓടിയെത്തുന്നുണ്ട്. സമരഭൂമികളിലെ പൊലീസിന്റെ ശക്തമായ ഇടപെടലുകളും വിഡിയോയിൽ എടുത്തുകാണിക്കുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾക്കെതിരെ അതിവേഗത്തിലും ശക്തമായും നടപടി സ്വീകരിക്കുന്നതിൽ കേരള പൊലീസ് മുന്നിലാണെന്ന് പറയുകയാണ് ലഘുചിത്രം.
അതേസമയം, ഏറ്റവുമൊടുവിൽ ആലപ്പുഴയിലെ കൊലപാതക സംഭവങ്ങളിലടക്കം സംസ്ഥാനത്ത് ക്രമസമാധാനനില പാടേ തകർന്നുകിടക്കുമ്പോഴാണ് കേരള പൊലീസിന്റെ ഇടപെടലുകളെ പ്രശംസിച്ചുകൊണ്ടുള്ള വിഡിയോ ഇറക്കിയിരിക്കുന്നതെന്നും വിമർശനമുയരുന്നുണ്ട്. കേരളം ഗുണ്ടാവാഴ്ചയുടെ കേന്ദ്രമായിക്കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് ട്രോൾ വിഡിയോയുമായി എത്തിയിരിക്കുന്നതെന്നാണ് ഒരാളുടെ വിമർശനം. വിഡിയോയിൽ കാണിക്കുന്നതൊക്കെ ഈ ഭരണകാലത്ത് നടന്നാൽ നന്നായിരുന്നെന്ന് മറ്റൊരാൾ പരിഹസിക്കുന്നു.
മിന്നൽ മുരളി "കേരള പോലീസ്" വേർഷൻ ⚡⚡#keralapolice Watch full video https://t.co/rdI4Vcwclv pic.twitter.com/MnGWTNBMAn
— Kerala Police (@TheKeralaPolice) December 23, 2021
ഫേസ്ബുക്കിൽ പങ്കുവച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. നൂറുകണക്കിനുപേർ പങ്കിടുകയും ചെയ്തിട്ടുണ്ട്. അരുൺ ബിടിയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്.