'സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ല'; വിവാദങ്ങളില്‍ എം.ജി ശ്രീകുമാര്‍
''മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂ''
കേരള സംഗീത നാടക അക്കാദമി ചെയർമാനായി തന്നെ നാമനിർദേശം ചെയ്തുവെന്ന വാർത്തകളിൽ പ്രതികരണവുമായി ഗായകന്‍ എം.ജി ശ്രീകുമാര്‍.അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യത്തില്‍ കേട്ടുകേള്‍വി മാത്രമേയുള്ളൂവെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂവെന്നും വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ലെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.
കേട്ടുകേള്‍വി വെച്ച് ഒന്നും പറയാനില്ല. കലാകാരന്‍റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നതെന്നും സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിച്ഛായ കൊടുക്കേണ്ട കാര്യമില്ലെന്നും എം.ജി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംഘ് പരിവാർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത എം.ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ വലിയ പ്രതിഷേധം പങ്കുവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. കുമ്മനത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു. 2016ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടി പ്രചാരണം നടത്തിയ എംജി ശ്രീകുമാര്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.