'ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഈ കെ.കെ ജോസഫ്'; നന്ദി, ഒരായുസ് മുഴുവൻ പൊട്ടിച്ചിരിക്കാനുള്ള തമാശകൾ നൽകിയതിന്
1989ൽ പുറത്തിറങ്ങിയ രാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം
കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനായിരുന്നു ഇന്നസെന്റ്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷേകരുടെ മനസിൽ എന്നെന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ഇന്നസെന്റിന്റെ മികച്ച വേഷങ്ങൾ ഓർത്തെടുക്കുക പ്രയാസമാണ്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു എന്നതാണ് അതിന്റെ കാരണം. അതിൽ മുന്നിൽ നിൽകുന്നത് അദ്ദേഹത്തിന്റെ ഹാസ്യ കഥാപാത്രങ്ങൾ തന്നെയാണ്.
1989ൽ പുറത്തിറങ്ങിയ റജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രത്തിന് ലഭിച്ച സ്വാകാര്യത വളരെ വലുതായിരുന്നു. പിന്നീട് കേരളക്കര കണ്ടത് ഇന്നസെന്റിന്റെ കുടുകുട ചിരിപ്പിക്കുന്ന കോമഡി കഥാപാത്രങ്ങളാണ്. തലയണമന്ത്രം, തൂവൽ സ്പർശം, ഡോ.പശുപതി,കോട്ടയം കുഞ്ഞച്ചൻ, അങ്ങിനെ പോകുന്നു ആ നിര.
നമ്പർ 20 മദ്രാസ് മെയിലിലെ ടിടിആറായെത്തിയ ഇന്നസെന്റും മോഹൻലാലിന് കൂട്ടുകാർക്കുമൊപ്പം പാട്ടുപാടുന്ന സീനും എന്നും ഓർത്തു ചിരിക്കാൻ വകയുള്ളതാണ്. ലോട്ടറി അടിച്ച സന്തോഷത്തിൽ യജമാനനെ തെറി വിളിച്ചു ഇറങ്ങി പോവുകയും എനിക്ക് വിശക്കുന്നു എന്നും പറഞ്ഞു തിരിച്ചു വരുന്ന നിർമല ഹൃദയനായ കിലുക്കത്തിലെ വേലക്കാരനും വിയറ്റ്‌നാം കോളനിയിൽ മോഹൻലാലിൻറെ സുഹൃത്തായെത്തുന്ന കഥാപാത്രവും ഒക്കെ ഇന്നസെന്‍റിന്‍റെ മികച്ച ഹാസ്യ കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്. മിഥുനം, മണിച്ചിത്രത്താഴ്, ചന്ദ്രലേഖ, കല്യാണരാമൻ, ക്രോണിക് ബാച്ചിലർ തുടങ്ങി നിരവധി സിനിമകളിലൂടെ ഇന്നസെന്റ് അനശ്വരമായികയ കഥാപാത്രങ്ങൾ ഒരുപാടുണ്ട്. വേഷവും നടപ്പും നോട്ടവും എല്ലാം സ്വന്തം കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന തരത്തിൽ ഇന്നസെന്റ് ഉപയോഗിച്ചു.
കോമഡി വേഷം മാത്രമേ ഇന്നസെന്റിന് വഴങ്ങുകയുള്ളു എന്ന തോന്നലുകൾ പാടെ ഇല്ലാതാകുന്നതായിരുന്നു പിന്നീട് മലയാള സിനിമ കണ്ട ചില കഥാപാത്രങ്ങൾ. കാബൂളിവാലയിലെ കന്നാസും കടലാസും ആയി ഇന്നസെന്റും ജഗതി ശ്രീകുമാറും അരങ്ങിൽ ജീവിക്കുകയായിരുന്നു. ദേവാസുരത്തിലും രാവണപ്രഭുവിലും മോഹൻലാലിൻറെ അഭിനയത്തിനൊപ്പം ചിലപ്പോൾ അതിനുമപ്പുറം വാര്യരായി ഇന്നസെന്റ് തിളങ്ങി.
അച്ഛൻ വേഷങ്ങളും ഇന്നസെന്റിന് നന്നായി ഇണങ്ങി. ഹിറ്റ്‌ലർ, പപ്പി അപ്പച്ചാ തുടങ്ങിയ സിനിമകളിലെ അച്ഛനെ സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. വേഷം എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി എത്തുന്ന ഇന്നസെന്റിന്റെ അഭിനയം ഒരു തുള്ളി കണ്ണീരോടെയല്ലാതെ നമുക്ക് കണ്ടുതീർക്കാൻ കഴിയില്ല. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ആ അതുല്യ പ്രതിഭയാണ് യാത്രയാകുന്നത്. ഇനിയും ഒരുപാട് വേഷങ്ങൾ ബാക്കിവച്ചു കൊണ്ട്.