ചിരി പടർത്തിയ വേഷങ്ങൾ; ഹാസ്യത്തിലൂടെ ജനഹൃദയത്തില്‍
ഇന്നസെന്റ്-കെ.പി.എ.സി ലളിത കൂട്ടുകെട്ടിൽ പിറന്ന ഹാസ്യരംഗങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്. മലയാളിയുടെ പ്രിയപ്പെട്ട താരജോഡിയായി മാറി ഇന്നസെന്റ്-കെ.പി.എ.സി ലളിത കൂട്ടുകെട്ട്
മലയാള സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്ത അപൂർവ നടിമാരിൽ ഒരാളായിരുന്നു കെ.പി.എ.സി ലളിത. ഏത് വേഷവും ഏതുകാലത്തും അവതരിപ്പിക്കാൻ പറ്റിയ നടി. ആവർത്തനമില്ലാത്ത ഹാസ്യകഥാപാത്രങ്ങൾ.
ഇന്നസെന്റ്-ലളിത ഹാസ്യകൂട്ടുകെട്ട്
ഇന്നസെന്റ്-കെ.പി.എ.സി ലളിത കൂട്ടുകെട്ടിൽ പിറന്ന ഹാസ്യരംഗങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വരനെ ആവശ്യമുണ്ട്, വിയറ്റ്‌നാം കോളനി, കനൽകാറ്റ്... അങ്ങനെയങ്ങനെ. മലയാളിയുടെ പ്രിയപ്പെട്ട താരജോഡിയായി മാറി ഇന്നസെന്റ്-കെ.പി.എ.സി ലളിത കൂട്ടുകെട്ട്.
ശബ്ദവിന്യാസം കൊണ്ട് മായാജാലം തീർത്തു. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങൾ. ശാന്തത്തിലൂടെയും അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം നേടി.
ഹാസ്യത്തിലൂടെ ജനപ്രിയ നടിയിലേക്ക്
ഹാസ്യവേഷങ്ങളെല്ലാം അനായാസവും അപാരമായ ശബ്ദ-മെയ് വഴക്കത്തോടെയുമാണ് ലളിത അവതരിപ്പിച്ചത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം. മലയാള ചലച്ചിത്ര ആസ്വാദകർക്ക് മറക്കാൻ കഴിയാത്ത വേഷങ്ങളാണ് അവയെല്ലാം...
സുകുമാരിയെപ്പോലെ തന്നെ വൈവിധ്യമാർന്ന ഹാസ്യവേഷങ്ങളെ അനായാസം ശരീരത്തിലേക്ക് ആവാഹിച്ചാണ് ലളിത മലയാളത്തിന്റെ ജനപ്രിയ നടിയായിമാറുന്നത്.
നാടൻ ഹാസ്യരംഗങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്തു അവർ. അതിൽ പലഭാവങ്ങളുണ്ടായിരുന്നു; പരദൂഷണം പറയുന്ന അമ്മ-അമ്മായിയമ്മ, കുശാഗ്രബുദ്ധിക്കാരിയും കൗശലക്കാരിയുമായ ഭാര്യ... അങ്ങനെയങ്ങനെ പല വേഷങ്ങൾ, പലഭാവങ്ങളിൽ എന്നാൽ ഒട്ടും ഹാസ്യത്തിന്റെ മേമ്പൊടി മാറാതെ അവർ സ്‌ക്രീനിലെത്തിച്ചു. കുടുംബങ്ങളിൽ ചിരിപടർത്തി. ടെലിവിഷൻ രംഗത്തും ഹാസ്യവേഷങ്ങളിലൂടെ തിളങ്ങി കെ.പി.എ.സി ലളിത.