രണ്ടു പേരും ചെയ്തത് അവരവരുടെ ജോലി, വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്ക്; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കൃഷ്ണശങ്കർ
''കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാൻ പോകുന്നു''
കുടുക്ക് എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി ദുർഗാകൃഷ്ണക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണ ശങ്കർ. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. എന്നാൽ കൂട്ടുപ്രതിയായ താൻ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങുന്നു. വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്കാണെന്നാണ് കൃഷ്ണ ശങ്കറിന്റെ പ്രതികരണം.
തങ്ങൾ ഒരുമിച്ചഭിനയിച്ച ഗാന രംഗത്തിലെ സീൻ കാരണം ദുർഗ്ഗയേയും ഭർത്താവിനെയും വീട്ടുകാരേയും പറ്റി മോശമായി സംസാരിക്കുന്നു. നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ കുറിച്ച് പറയുമ്പോൾ അയാളെ പോലെ ഭാര്യയോട് സ്‌നേഹവും വിശ്വാസവും അവരുടെ ജോലിയോട് ബഹുമാനവും ഉള്ളവർ എത്ര ആളുകൾ ഉണ്ടെന്ന് കൃഷ്ണ ശങ്കർ ചോദിച്ചു.
കൃഷ്ണ ശങ്കറിന്‍റെ വാക്കുകള്‍ ഇങ്ങനെ
ഇന്ന് കുറച്ചു നേരം മുമ്പ് ദുർഗ കൃഷ്ണയുടെ ഒരു കോൾ വന്നു .ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗ്ഗയെയും അവരുടെ ഹസ്ബൻഡ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു . ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു . രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ് .
പക്ഷെ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതിൽ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാൽ ലിപ്‌ലോക്കിന്റെ ആശങ്കകൾ മാറ്റിവച്ച് ഒരു സെക്കൻഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാൻ ചെയ്യാം . കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം .
പക്ഷെ അത് തന്നെ ഇവർക്ക് വരുമ്പോൾ കഴിഞ്ഞ പടത്തിൽ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം experience കൊണ്ട് ആ സിനിമ തന്നെ ഇവർ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . ഇതിനൊരു മാറ്റം നമ്മൾ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ .
അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.