കാലങ്ങള്‍ കഴിഞ്ഞാലും കാതോരമുണ്ടാകും ആ ശബ്ദം; തെന്നിന്ത്യയുടെ ചിന്നക്കുയില്‍

കണ്ണുകള്‍ ഇറുക്കി..ഒരിക്കലും മായാത്ത പുഞ്ചിരിയുമായി ചിത്ര പാടുന്നതു കേള്‍ക്കാന്‍ തന്നെ അഴകാണ്

Update: 2022-07-27 03:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലയാളിക്ക് ചിത്ര എന്നാല്‍ കെ.എസ് ചിത്രയാണ്...ഒപ്പം കൂടെപ്പോരുന്ന പതിനായിരത്തിലധികം പാട്ടുകളും...ചിത്രയുടെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് വെറുതെ പറയുന്നതല്ല...എപ്പോഴാണെന്നറിയാതെ..എവിടെ നിന്നാണെന്നറിയാതെ ആ പാട്ടുകള്‍ ഇങ്ങനെ ഒഴുകി വരാറുണ്ട്...ചിലപ്പോള്‍ യാത്രയിലായിരിക്കാം...അല്ലെങ്കില്‍ റിംഗ് ടോണിന്‍റെ രൂപത്തില്‍, ചാനല്‍ മാറ്റുന്നതിനിടയില്‍....എത്ര തിരക്കിനിടയിലും ഉറപ്പായും 'ആ ചിത്രഗീതം' നാം കേട്ടിരിക്കും..

കണ്ണുകള്‍ ഇറുക്കി..ഒരിക്കലും മായാത്ത പുഞ്ചിരിയുമായി ചിത്ര പാടുന്നതു കേള്‍ക്കാന്‍ തന്നെ അഴകാണ്...അവരുടെ പാട്ടു പോലെ.."എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം പാട്ട് തന്നെയായിരുന്നു.മാർക്ക് കുറഞ്ഞാൽ അടി കിട്ടും അതുകൊണ്ടു പരീക്ഷക്ക് ജയിക്കാനുള്ള മാർക്ക് വാങ്ങിയിരുന്നു. മമ്മി വെളുപ്പിന് പഠിക്കാൻ പറഞ്ഞ് നിർബന്ധിച്ച് എഴുന്നേല്‍പ്പിക്കും.ഇരുന്നുറങ്ങും എന്നത് കൊണ്ട് വെളിയിൽ കൂടി നടന്നു പഠിക്കാൻ പറയും. മുറ്റത്ത് നടക്കുന്ന സമയത്ത് എന്‍റെ ശ്രദ്ധ മുഴുവൻ രാവിലെ അമ്പലത്തിൽ പാട്ട് വെച്ചിട്ടുണ്ടാകും .നോട്ടം മാത്രം ബുക്കിലേക്ക് ശ്രദ്ധ മുഴുവൻ പാട്ടിലും ആയിരിക്കും'' ഒരിക്കല്‍ ചിത്ര പറഞ്ഞു. പാട്ടിനോടുള്ള ആ ഇഷ്ടം കൊണ്ട് സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഹൃദയത്തില്‍ നിന്നും ഒരിക്കലും ഇറങ്ങിപ്പോകാത്ത ഗാനങ്ങളായിരുന്നു.

കേരളത്തിന്‍റെ വാനമ്പാടി പിന്നണി ഗാനരംഗത്തു നിന്നും വിടപറയാന്‍ തീരുമാനിച്ചൊരു സമയമുണ്ടായിരുന്നു. ചിത്രയുടെ പിതാവ് കൃഷ്ണന്‍ നായര്‍ക്ക് അര്‍ബുദം ബാധിച്ച കാലം. വേദന സഹിച്ചുകൊണ്ടായിരുന്നു അദ്ദേഹം മകള്‍ക്കൊപ്പം റെക്കോഡിംഗിന് വന്നുകൊണ്ടിരുന്നത്. അതുവരെ എല്ലാ പ്രോത്സാഹനവുമായി പിന്നില്‍ നില്‍ക്കാറുള്ള അച്ഛന്‍റെ രോഗബാധിതമായ മുഖം ചിത്രയെ വേദനിപ്പിച്ചു. സിനിമാജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ''അന്നത്തെ റെക്കോഡിങ്ങിന് ശേഷം അച്ഛനോട് പറഞ്ഞു, നമുക്ക് ഇന്ന് തന്നെ നാട്ടിലേയ്ക്ക് തിരിച്ചു പോകാം. എനിയ്ക്ക് മതിയായി. ഇത്രയൊക്കെ തന്നെ പാടിയത് ധാരാളം . ഡാഡിയെ വേദനിപ്പിച്ചു കൊണ്ട് ഇനി എനിയ്ക്ക് പാടേണ്ട'' അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാന്‍സല്‍ചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിത്ര മടങ്ങിവരിക തന്നെ ചെയ്തു.മകൾ പ്രശസ്തയായ പാട്ട്കാരിയാകണം എന്ന് സ്വപ്നം കണ്ടിരുന്ന അച്ഛന്റെ സ്നേഹ പൂർണ്ണമായ നിർബന്ധമായിരുന്നു ചിത്രയെ തിരികെ കൊണ്ടുവന്നത്.

മലയാളികള്‍ക്ക് ചിത്രം സ്വന്തം ഗായികയാണെങ്കില്‍ തമിഴര്‍ക്കും തെലുങ്കര്‍ക്കും കന്നഡക്കാര്‍ക്കുമെല്ലാം അതങ്ങനെ തന്നെയാണ്. ചിത്രം ആദ്യം കൂടുതല്‍ പാടിയിട്ടുള്ളത് തമിഴ് പാട്ടുകളായിരുന്നു. പക്ഷെ തമിഴ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ലെന്ന് ചിത്ര ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചിത്ര പാടിയ തമിഴ് പാട്ടുകള്‍ കേട്ടാല്‍ തമിഴര്‍ പോലും പറയില്ല..ഭാഷ അറിയാത്ത ഒരാളാണ് ആ പാട്ടുകള്‍ക്ക് ജീവന്‍ പകര്‍ന്നതെന്ന്...സംഗീതത്തിന് ഭാഷയില്ലെന്ന് പറയുന്നതു പോലെ ചിത്രയുടെ പാട്ടുകള്‍ക്കും ഭാഷാഭേദമില്ല..ഏത് ഭാഷയില്‍ പാടിയാലും അവയ്ക്കൊക്കെ ഹൃദയത്തിലായിരിക്കും സ്ഥാനം.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News