മമ്മൂട്ടിയുടെ ഓഫർ,ശ്രീനിയേട്ടന്‍റെ വാക്ക്; ആദ്യ സിനിമ മറവത്തൂര്‍ കനവ് പിറന്നതിനെക്കുറിച്ച് ലാല്‍ ജോസ്

അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്‍റെ പടത്തിലെ നായകൻ

Update: 2023-04-10 04:29 GMT
Editor : Jaisy Thomas | By : Web Desk

ലാല്‍ ജോസ്

Advertising

തന്‍റെ ആദ്യസിനിമയായ 'ഒരു മറവത്തൂര്‍ കനവ്' റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ ഓര്‍മക്കുറിപ്പുമായി സംവിധായകന്‍ ലാല്‍ ജോസ്. ശ്രീനിവാസന്‍റെ വാക്കിന്‍റെ മാത്രം ബലത്തിലാണ് ആ പ്രോജക്ടിനാണ് ചിറകു മുളച്ചതെന്നും നന്ദി പറയേണ്ടവരുടെ ലിസ്റ്റ് ജീവനോളം വലിയ സുദീര്‍ഘ ലിസ്റ്റാണെന്നും ലാല്‍ ജോസ് കുറിച്ചു.



ലാല്‍ ജോസിന്‍റെ കുറിപ്പ്

ഏപ്രിൽ 8 - എന്‍റെ ആദ്യ സിനിമ, മറവത്തൂർ കനവ് റിലീസായിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്. ഈ ദിവസം ഞാൻ അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേററായി സെറ്റിൽ ഓടി പായുമ്പോൾ ആ ചിത്രത്തിന്‍റെ നിർമാതാക്കളായിരുന്ന അലക്സാണ്ടർ മാത്യു പൂയപ്പളളിയും ഡോക്ടർ ബ്രൈറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫർ വയ്ക്കുന്നത്. ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാൽ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതിതന്നാൽ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്‍റെ ചെവിയിലും ഈ വിവരം അവർ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്‍റെ മറുപടി - ലാൽ ജോസാണെങ്കി ഞാൻ എഴുതാം. ആ വാക്കിന്‍റെ മാത്രം ബലത്തിൽ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെററുകളിൽ കഥാ ചർച്ച.



അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്‍റെ പടത്തിലെ നായകൻ. കഥ ആലോചനകൾ നടക്കുന്നേയുളളൂ എന്ന് എന്‍റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാൽ ഞാൻ അഭിനയിക്കാമെന്ന് മമ്മൂക്ക. ശ്രീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫർ, അലക്സാണ്ടർ മാത്യുവിന്റേയും ഡോക്ടർ ബ്രൈറ്രിന്റേയും ഉത്സാഹം, ലാൽജോസെന്ന ചെറുപ്പക്കാരനിൽ ഇവരെല്ലാം ചേർന്ന് നിറച്ച് തന്ന ഊർജ്ജമാണ് 'ഒരു മറവത്തൂർ കനവാ'യി മാറിയത്. 1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായി. എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമൽ സാർ, എന്നെ വിശ്വസിച്ച് എന്‍റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടൻ, പുതുമുഖ സംവിധായകന്‍റെ നായകനായ മഹാനടൻ, സിനിമ വലുതായപ്പോ നിർമ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കർ - നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല. അതെന്റെ ജീവനോളം വലിയ ഒരു സുദീർഘ ലിസ്റ്റാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തിൽ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ.

ഇരുപത്തിയഞ്ച് വർഷത്തിനിടെ ഞാൻ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകർ. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്നേഹിക്കുന്നവർ. നന്ദി പറഞ്ഞ് ഞാൻ ചുരുക്കുന്നില്ല - സ്നേഹത്തോടെ ഓർക്കുന്നു. ഏവർക്കും ഈസ്റ്റർ - വിഷു ആശംസകൾ !



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News