ഫൈറ്ററിലെ ചുംബന രംഗത്തിന് വക്കീൽ നോട്ടീസ്; വിവാദത്തിന് മറുപടിയുമായി സംവിധായകൻ
ഇന്ത്യൻ എയർഫോഴ്സ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ഉചിതമായ രീതിയിലല്ല പെരുമാറുന്നതെന്നാണ് നോട്ടീസിൽ പറയുന്നത്.
തിയറ്റുകളിലെത്തിയതിന് പിന്നാലെ വിവാദങ്ങളിൽ ഇടംപിടിച്ച സിനിമയായിരുന്നു ഫൈറ്റർ. ദീപിക പദ്കോണും ഹൃത്വിക് റോഷനും പ്രധാന വേഷത്തിലെത്തുന്ന സിനിമ സിദ്ധാർത്ഥ് ആനന്ദാണ് സംവിധാനം ചെയ്തത്. ജനുവരി പകുതിയോടെ തിയറ്ററുകളിലെത്തിയ സിനിമയിലെ ചുംബന രംഗമായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
എയർഫോഴ്സ് യൂണിഫോമിൽ ദീപികയും ഹൃത്വികും ചുംബിക്കുന്ന രംഗമായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. എയർ ഫോഴ്സ് വിംഗ് കമാൻഡർ സൌമ്യ ദീപ് ദാസാണ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ഉചിതമായ രീതിയിലല്ല പെരുമാറുന്നതെന്നാണ് നോട്ടീസിൽ പറയുന്നത്.
എന്നാൽ ഐ.എ.എഫുമായുള്ള സമ്പൂർണ്ണ സംയോജനത്തോടെയാണ് സിനിമ നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ തിരക്കഥ മുതൽ ചിത്രം തിയറ്ററിൽ എത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും എയർ ഫോഴ്സ് കൂടെയുണ്ടായിരുന്നതെന്നും സെൻസർ ബോർഡിന് സിനിമ നൽകുന്നതിന് മുൻപ് എയർഫോഴ്സിനെ സിനിമ കാണിക്കുകയും അവരത് വിലയിരുത്തുകയും ചെയ്തിരുന്നെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി. അതിനുശേഷം എൻ.ഓ.സി സർട്ടിഫിക്കറ്റ് ലഭിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം എയർഫോഴ്‌സ് ചീഫ് മാർഷൽ വിവേക് റാം ചൗധരി, രാജ്യത്തുടനീളമുള്ള 100-ലധികം എയർ മാർഷലുകൾ എന്നിവരുൾപ്പെടെ എയർഫോഴ്‌സിലെ എല്ലാവർക്കും ഞങ്ങൾ മുഴുവൻ സിനിമയും കാണിച്ചു. സിനിമയുടെ റിലീസിന് ഒരു ദിവസം മുമ്പ് ഡൽഹിയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർക്കായി ഒരു സ്‌ക്രീനിംഗ് നടത്തിയിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിൽ അനിൽ കപൂർ, കരൺ സിംഗ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ് എന്നിവരും അഭിനയിക്കുന്നുണ്ട്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.