'ലീല' സിനിമയാക്കേണ്ടിയിരുന്നില്ല; പാളിച്ചകളുണ്ടായെന്ന് ഉണ്ണി ആർ

കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടെന്നും ഉണ്ണി ആർ പറഞ്ഞു.

Update: 2023-12-07 15:03 GMT
Advertising

കോഴിക്കോട്: 'ലീല' സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും കഥ സിനിമയാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഉണ്ണി ആർ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ നടന്ന 'കഥകൾകൊണ്ട് മാത്രം' എന്ന സെഷനിലായിരുന്നു ഉണ്ണി ആർ മനസ് തുറന്നത്. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാൻ എഴുതാൻ പാടില്ലായിരുന്നു. ലീല സിനിമയെന്ന നിലയ്ക്ക് ഞാൻ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്'- ഉണ്ണി ആർ പറഞ്ഞു. തന്റെ കഥകളിൽ സിനിമയായി വന്നത് 'പ്രതി പൂവൻ കോഴി', 'ഒഴിവുദിവസത്തെ കളി', 'ലീല' തുടങ്ങിയവായാണെന്നും ബാക്കിയുള്ള 'ബി​ഗ്ബി'യും 'ചാർളി'യുമെല്ലാം സിനിമകളായി എഴുതിയതാണെന്നും ഉണ്ണി ആർ പറഞ്ഞു.

'സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ട്. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്നും തോന്നിയിട്ടുണ്ട്'- ഉണ്ണി ആർ കൂട്ടിച്ചേർത്തു. കടൽ മുഖ്യപ്രമേയമായി വരുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തിലെ പരിപാടിയിൽ ഉണ്ണി ആറിനെ കൂടാതെ കഥാകൃത്തുകളായ പി.കെ പാറക്കടവ്, ഷാഹിനെ കെ റഫീഖ്, ഫ്രാൻസിസ് നെറോണ എന്നിവരും പങ്കെടുത്തു. ജനബാ​​ഹുല്യം ​കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ മുനീർ അ​ഗ്ര​ഗാമി മോഡറേഷൻ നടത്തി.

നവംബർ 30 ഡിസംബർ 1,2,3 ദിവസങ്ങളിൽ കോഴിക്കോട് കടപ്പുറത്ത് ബുക്പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എൺപതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം വിശിഷ്ടാതിഥികൾ സംവദിക്കും. തിര, തുറ, തീരം എന്ന മൂന്ന് വേദികളിലായിട്ടാണ് പരിപാടികൾ സംവിധാനിച്ചിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News