എസ്.പി ഹരീഷ് മാധവനായി സുരേഷ് ഗോപി; നിയമ പോരാട്ടത്തിന് ഒരുങ്ങി 'ഗരുഡൻ'
സുരേഷ് ഗോപിക്കൊപ്പം നടന്മാരായ ജഗദീഷും സിദ്ദീഖും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്
സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന 'ഗരുഡൻ' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കൊച്ചിയിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നത്. മട്ടാഞ്ചേരി ചേംബർ ഓഫ് കൊമേഴ്സിന്റെ ബിൽഡിംഗിലാണ് ചിത്രീകരണം. സുരേഷ് ഗോപിക്കൊപ്പം നടന്മാരായ ജഗദീഷും സിദ്ദീഖും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം. ഏറെ ഇടവേളക്കുശേഷം മൂവരും വീണ്ടും ഒന്നിക്കുന്നത്.
ഹരീഷ് മാധവൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അതിശക്തമായ നിയമ പോരാട്ടത്തിൻ്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ ജേണറിൽപ്പെടുത്താവുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ ബിജുമേനോന്‍ അവതരിപ്പിക്കും. ഇരുവരും നിയമപോരാട്ടത്തിൻ്റെ അങ്കം കുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിൻ്റെ പുതിയ ദൃശ്യാനുഭവമാകും സമ്മാനിക്കുക.
മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി പ്രശസ്തനാണ്. കടുവ എന്ന ചിത്രത്തിലെ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പ സിനിമയുടെ പ്രമോ ഗാനം എന്നിവ ചിത്രീകരിച്ചതും അരുൺ വർമ്മയാണ്.
തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ചെല്ലുന്നത്. നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക അഭിരാമി ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് തിരക്കഥ. കഥ-ജിനേഷ്.എം. സംഗീതം-ജേക്ക്സ് ബിജോയ്. ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ്-ശ്രീജിത്ത് സാരംഗ്. കലാസംവിധാനം-അനീസ് നാടോടി. മേക്കപ്പ്-റോണക്സ് സേവ്യർ.
വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ ഇൻചാർജ്-അഖിൽ യശോധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു. ലൈൻ പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ. കൺട്രോളർ-ഡിക്സൻ പൊടുത്താസ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.