കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ; ദിലീപ് തെറ്റുകാരനല്ലെങ്കിൽ നടനോടൊപ്പം സിനിമ ചെയ്യുമെന്ന് ദുർഗാ കൃഷ്ണ

എല്ലാ പെൺകുട്ടികൾക്കും അതിജീവിത പ്രചോദനമാണെന്നും നടി ദുർഗാ കൃഷ്ണ

Update: 2022-05-23 12:18 GMT
Editor : afsal137 | By : Web Desk
Advertising

നടൻ ദിലീപ് കുറ്റക്കാരനല്ലെങ്കിൽ അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുമെന്ന് ചലച്ചിത്ര താരം ദുർഗ കൃഷ്ണ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും ദുർഗ പറഞ്ഞു. 'ഉടൽ' സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.

സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ മാറ്റി നിർത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. നല്ല സിനിമയും കഥാപാത്രവും ആണെങ്കിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ വച്ച് ഒഴിവാക്കില്ലെന്നും ദുർഗ വ്യക്തമാക്കി. തന്നെ പോലുള്ള നിരവധിയാളുകൾക്ക് അതിജീവിത പ്രചോദനമാണെന്നും ദുർഗ കൃഷ്ണ പറഞ്ഞു. 'എല്ലാ പെൺകുട്ടികൾക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വർഷങ്ങൾക്കുമുമ്പ് ഞാൻ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്. ഇൻഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവർക്കും ഒരു പ്രചോദനമാണ്', ദുർഗ കൂട്ടിച്ചേർത്തു.

വിജയ് ബാബു യുവനടിയെ പീഡിപ്പിച്ചുവെന്ന വിഷയത്തിലും പ്രകതികരണവുമായി ദുർഗ രംഗത്തെത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ വ്യക്തമാക്കി. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു.

അതേസമയം വിചാരണക്കോടതിക്കും സർക്കാരിനുമെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹരജി നൽകി. കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നൽകിയത്. ഭരണകക്ഷിയിൽ പെട്ട ചിലരെ ദിലീപ് സ്വാധീനിച്ചു. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയിൽ പറയുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച ദൃശ്യം ചോർന്നതിൽ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതിൽ കുറ്റക്കാരെ കണ്ടെത്താൻ കോടതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. കേസിൽ ആദ്യഘട്ടത്തിൽ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകന്റെ ഉന്നതതല ബന്ധം കേസ് അവസാനിപ്പിക്കാൻ കാരണമാണെന്ന് നടി ഹരജിയിൽ പറയുന്നു. നിലവിൽ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും നടി വ്യക്തമാക്കുന്നു.

അന്വേഷണം ഇങ്ങനെയാണെങ്കിൽ നീതി ലഭിക്കില്ലെന്നും, ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് നടി ഹരജിയിലൂടെ ആവശ്യപ്പെടുന്നത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ അന്വേഷണം മരവിച്ച മട്ടിലായെന്നും നടി പരാതിപ്പെട്ടിട്ടുണ്ട്. ഇനിയും നിരവധി ഫോറൻസിക് തെളിവുകൾ പരിശോധിക്കാനുണ്ട്. ഇതു കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശം നൽകണമെന്നും നടി ഹരജിയിൽ ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News