'തൃഷയായിരുന്നു പരാതി നൽകേണ്ടിയിരുന്നത്'; മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് കോടതി
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് തൃഷക്കും ഖുശ്ബുവിനുമെതിരെ മന്‍സൂര്‍ മാനനഷ്ടക്കേസ് നല്‍കിയത്
ചെന്നൈ: നടി തൃഷക്കെതിരെ മാനനഷ്ടക്കേസ് നൽകിയ നടൻ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി.പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് അറിഞ്ഞിരിക്കണമെന്നും യഥാർഥത്തിൽ തൃഷയായിരുന്നു പരാതി നൽകേണ്ടതെന്നും കോടതി വിമർശിച്ചു.
സ്ഥിരമായി വിവാദങ്ങളിൽ ഏർപ്പെടുന്ന നടനെ ജഡ്ജി വിമർശിക്കുകയും അദ്ദേഹം നിരപരാധിയാണെന്ന് അവകാശപ്പെടുന്നതിനെ കുറ്റപ്പെടുത്തുകയും ചെയ്തു. പൊതുവേദിയിൽ വെച്ച് തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയതിനെ ജഡ്ജി അപലപിക്കുകയും ചെയ്തു. നടന്റെ യൂട്യൂബ് അഭിമുഖത്തിന്റെ അൺകട്ട് വീഡിയോ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡിസംബർ 22 ലേക്ക് മാറ്റുകയും ചെയ്തു.
എക്‌സിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മൻസൂർ അലി ഖാൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഇതിന്റെ വാദം കേൾക്കുന്നതിനിടെയാണ് കോടതി മൻസൂർ അലിഖാനെ വിമർശിച്ചത്.
മൂവരും തന്നെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നടന്റെ ആവശ്യം. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഹരജിയിലെ ആരോപണം.
ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു മൻസൂർ അലിഖാൻ തൃഷക്കെതിരെ മോശം പരാമർശം നടത്തിയത്. നടനെതിരെ തൃഷയടക്കം നിരവധി പേർ വിമർശിക്കുകയും ചെയ്തിരുന്നു. ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു നടൻ പറഞ്ഞത്. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ കൂട്ടിച്ചേർത്തിരുന്നു.
ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്നുമാണ് തൃഷ എക്‌സിൽ കുറിച്ചത്. സംഭവം വിവാദമാവുകയും വിമർശനം ശക്തമാവുകയും ചെയ്തതോടെ വിഷയത്തിൽ നടൻ മാപ്പ് പറഞ്ഞിരുന്നു.