രാജുവിന്‍റെ ലംബോര്‍ഗിനിയില്‍ കയറിയപ്പോള്‍ ഇറങ്ങാന്‍ ക്രയിന്‍ വേണ്ടിവരുമോ എന്നു തോന്നിപ്പോയി; പൃഥ്വിരാജിന്‍റെ വാഹനകമ്പത്തെക്കുറിച്ച് മല്ലിക സുകുമാരന്‍

രാജു സുകുവേട്ടനെ പോലെയാണ്. അദ്ദേഹത്തിന് പണ്ടേ വണ്ടികള്‍ വലിയ ക്രേസാണ്

Update: 2022-04-19 07:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെ വാഹനകമ്പത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവച്ച് മല്ലിക സുകുമാരന്‍. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക മക്കളെക്കുറിച്ച് പറഞ്ഞത്.

രാജു സുകുവേട്ടനെ പോലെയാണ്. അദ്ദേഹത്തിന് പണ്ടേ വണ്ടികള്‍ വലിയ ക്രേസാണ്. സുകുവേട്ടന്‍ ആദ്യം വാങ്ങിച്ചതില്‍ ഒന്ന് കര്‍ണാടക രജിസ്‌ട്രേഷന്‍ ബെന്‍സ് ആയിരുന്നു. അത് മദ്രാസില്‍ കൊണ്ടുവന്ന് നമ്പര്‍ മാറ്റി. മാരുതി ഇറങ്ങിയപ്പോള്‍ ഇന്ത്യയിലെ 40ാമത്തെ മാരുതിയായിരുന്നു ഞങ്ങളുടേത്. അതൊക്കെ നല്ല ഓര്‍മയുണ്ട്. അതിന് മുന്‍പ് ഒരു അംബാസിഡര്‍ ഉണ്ടായിരുന്നു. അത് എവിടുന്നെങ്കിലും കിട്ടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ച് ഇപ്പോള്‍ രാജു നടക്കുന്നുണ്ട്. ഒരു പച്ച അംബാസിഡറായിരുന്നു. അച്ഛന്‍ ആദ്യം വാങ്ങിച്ച കാര്‍ ഏതാണെന്ന് പലരും ചോദിച്ചെന്നും അത് എവിടെ ആയിരിക്കും അമ്മേ എന്നും രാജു ചോദിക്കാറുണ്ടെന്നും മല്ലിക പറയുന്നു.

പൃഥ്വിയുടേയും ഇന്ദ്രജിത്തിന്‍റെയും എല്ലാ വാഹനങ്ങളിലും കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 'കയറി ലോങ് ട്രിപ്പൊന്നും പോയതല്ല വണ്ടികള്‍ ഷോറൂമില്‍ നിന്ന് എടുത്ത് വരുന്ന വഴി തന്റെ വീട്ടില്‍ കയറുമെന്നും അവിടെ വെച്ച് ഒന്ന് കയറുമെന്നുമാണ് മല്ലിക നൽകിയ മറുപടി.

പൃഥ്വിയുടെ ലംബോര്‍ഗിനി കാറിൽ കയറിയപ്പോഴുണ്ടായ രസകരമായ അനുഭവവും മല്ലിക പങ്കുവച്ചു. 'സത്യം പറഞ്ഞാൽ ഈ ലംബോര്‍ഗിനി എന്ന് പറയുന്ന വണ്ടിയില്‍ കയറിയപ്പോള്‍ ഇറങ്ങാന്‍ ക്രെയിന്‍ വേണ്ടി വരുമോ എന്ന് എനിക്ക് തോന്നിപ്പോയി. സത്യമാണ് ഇത്. എന്‍റെ പൊന്നുമോനെ അമ്മയെ ഇതിനകത്ത് മാത്രം നീ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞുപോയി. നിന്‍റെ റേഞ്ച് റോവറും ബി.എം.ഡബ്ല്യുയുവും എല്ലാം കൊള്ളാം. പക്ഷേ ഇതിനകത്തു നിന്ന് ഇറങ്ങണമെങ്കില്‍, നമ്മള്‍ തൂങ്ങിപ്പിടിച്ച് കാല് വെളിയിലോട്ടൊക്കെ ഇട്ട് കഷ്ടപ്പെടണം. ഈ ലംബോര്‍ഗിനി നമ്മളെപ്പോലുള്ളവര്‍ക്ക് പറ്റില്ല. രാജുവിന്‍റെ കാറില്‍ എനിക്ക് ഏറ്റവും ഇഷ്ടം റേഞ്ച് റോവറാണ്. അല്‍പം പൊക്കമൊക്കെയുള്ള നമ്മുടെ വണ്ണമൊക്കെ വെച്ച് വിശാലമായി ഇറങ്ങാനൊക്കെ പറ്റുന്ന വണ്ടി. അതുപോലെ ഇന്ദ്രന്റെ കയ്യില്‍ വോള്‍വോയുടെ ഒരു വണ്ടിയുണ്ട്. നല്ല സുഖമാണ്. പിന്നെ ഇന്ദ്രന്‍റെ കൂടെ പോകുമ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് കൂടുതലാണ്. അവന്‍ വലിയ സ്പീഡിലൊന്നും പോകില്ല.

എന്നാൽ രാജു ഒറ്റ വിടീലാണ്. 20 മിനുട്ടുകൊണ്ട് നെടുമ്പാശേരിയൊക്കെ എത്തും, ലൈറ്റുമൊക്കെയിട്ട്. കാരണം അവന്‍ നേരത്തെ ബോര്‍ഡിങ് പാസ്സൊക്കെ എടുത്തിട്ട് ലേറ്റായിട്ടേ ഇറങ്ങുകയുള്ളൂ.'- മല്ലിക പറഞ്ഞു. മക്കളുടെ ടൂ വീലറിൽ കയറിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, സുകുവേട്ടന്‍ വിളിച്ചിട്ട് ബുള്ളറ്റിൽ കയറിയിട്ടില്ല പിന്നല്ലേ എന്നായിരുന്നു മല്ലികയുടെ മറുപടി. സ്വന്തം ഭര്‍ത്താവ് വിളിച്ചിട്ട് പോലും ആ വണ്ടിയില്‍ കയറാന്‍ എനിക്ക് ധൈര്യമുണ്ടായിട്ടില്ല. ഇതിലൊഴിച്ച് വേറെ ഏത് വണ്ടിയില്‍ വേണേല്‍ കയറാമെന്നായിരുന്നു തന്‍റെ മറുപടിയെന്നും മല്ലിക പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News