'എഴുതിയതിനുമപ്പുറം ആ കഥാപാത്രത്തെ മമ്മൂക്ക അനശ്വരമാക്കി'; ആശംസകള്‍ നേര്‍ന്ന് ഹര്‍ഷദ്
"നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.."-മമ്മൂട്ടി പറഞ്ഞു
മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 71ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ താരത്തെ സ്നേഹാശംസകള്‍ കൊണ്ട് പൊതിയുകയാണ് ആരാധകരും സിനിമാ പ്രവര്‍ത്തകരും. താരത്തിന്‍റെ അഭിനയ പ്രകടനത്തെയും സാമൂഹിക ഇടപെടലിനെയും അനുസ്മരിച്ച് നിരവധി പേരാണ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഇതിനിടയില്‍ തിരശിലയിലെ മമ്മൂട്ടിയുടെ അഭിനയ പ്രതിഭയെ ഓര്‍മിക്കുകയാണ് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ്. പുഴുവിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ഷദ് മമ്മൂട്ടിയുടെ അഭിനയ പ്രകടനത്തെ വാനോളം പുകഴ്ത്തുന്നത്.
പുഴുവിലെ ഇമോഷണല്‍ രംഗങ്ങള്‍ ചെയ്യാൻ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞുകൊടുത്തപ്പോൾ,'നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ' എന്നാണ് മമ്മൂക്ക പറഞ്ഞത് എന്നും എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ നടനാണ് മമ്മൂട്ടി എന്നും ഹർഷാദ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹര്‍ഷദ് മമ്മൂട്ടിയുടെ പുഴുവിലെ പ്രകടനത്തെ പുകഴ്ത്തിയത്.
ഹര്‍ഷദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇമോഷണലാവുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്ക സ്‌നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്‌തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി ഡിസ്‌കസ് ചെയ്തിരുന്നു. മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാ രംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്‍റെ റഫറന്‍സുകള്‍ പറയുമായിരുന്നു. പുഴുവിലെ അച്ചന്‍ മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്‍റെ റിവേഴ്‌സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. അങ്ങിനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡം വെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്‍റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു.
"നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.."
അന്നാ രംഗത്തിന്‍റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു. അപ്പോള്‍ എന്‍റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്‍റെ റിഫ്ലക്ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ.... സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.