മലയാളികളുടെ മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാള്‍

കാലത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിക്കുന്ന മഹാ പ്രതിഭ എന്നാണ് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവൻ ഒരിക്കൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്

Update: 2022-09-07 05:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

'' ഇച്ചാക്കയ്ക്ക് അദ്ദേഹത്തിന്‍റെതായിട്ടുള്ള സ്‌റ്റൈലുണ്ട്. ഡിസിപ്ലിന്‍ഡ് ആക്ടറാണ്. ഒരു കഥാപാത്രത്തെക്കിട്ടിയാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആവുകയും കുറച്ചുകൂടെ ഇരുത്തം വന്ന നടനാണ് അദ്ദേഹം. അദ്ദേഹം നമ്മളെക്കാള്‍ എപ്പോഴും ഉയരത്തില്‍ നില്‍ക്കുന്ന നടനായിട്ട് തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്. ഇത്രയും കാലം മലയാള സിനിമയെ ഹോള്‍ഡ് ചെയ്ത പില്ലര്‍ എന്ന രീതിയിലുള്ള അഭിമാനമുണ്ട്. എല്ലാത്തിലും അദ്ദേഹത്തിന്‍റെതായ സ്റ്റൈല്‍ വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് '' മമ്മൂട്ടിയെക്കുറിച്ച് ഉറ്റസുഹൃത്തും നടനുമായ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്. മമ്മൂട്ടി എന്ന അസാധ്യ നടനെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും പലതാകും പറയാനുണ്ടാവുക. അഭിനയ ശൈലി, വോയിസ് മോഡുലേഷന്‍, കഥാപാത്രത്തിനായി സ്വീകരിക്കുന്ന വിവിധ ഗെറ്റപ്പുകള്‍....മമ്മൂട്ടി ഒരു പാഠപുസ്തകമാകുന്നത് ഇതൊക്കെ കൊണ്ടു തന്നെയാണ്.

കാലത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിക്കുന്ന മഹാ പ്രതിഭ എന്നാണ് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവൻ ഒരിക്കൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. ''നമ്മുടെ കാലത്തിന്‍റെയും സമൂഹത്തിന്‍റെയും ഒക്കെക്കൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സാംസ്ക്കാരിക ചരിത്രത്തിന്‍റെ ഭാഗമായി മാറിയിട്ടുള്ള ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന നടനെക്കുറിച്ച് കൂടുതൽ അറിയാൻ ഭാവിയിൽ റെഫറൻസുകളായി പുസ്തകങ്ങൾ ആവശ്യമായി വരും.മമ്മൂട്ടി എന്ന അതുല്യനായ, അത്ഭുത പ്രതിഭയുള്ള നടന്‍റെ അഭിനയചാതുരിയെപ്പറ്റി വളരെ വിശദമായ പഠനങ്ങൾ ആവശ്യമാണ്. അഭിനയത്തിന്‍റെ പല തലങ്ങൾ എങ്ങനെ ആവിഷ്ക്കരിച്ചു, ലോക നിലവാരമുള്ള ഒരുപാട് നടന്മാരുടെ ഭൂതകാലത്തെ അനുഭവങ്ങൾ ഒക്കെ വച്ചുകൊണ്ട് അവയോടൊക്കെ താദാത്മ്യപ്പെടുത്തിയിട്ട് നമ്മുടെ ഈ കൂട്ടത്തിൽ നമ്മുടെ ഭാഗമായി സഞ്ചരിക്കുന്ന ഈ നടൻ ഒരു അത്ഭുത പ്രതിഭാശാലിയാണ് എന്ന് സ്ഥാപിക്കുന്ന ഗ്രന്ഥങ്ങൾ ഇനിയും ഉണ്ടാകണം."

നടനാകാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്നാണ് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞത്. അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ അതിനു തെളിവായി തെളിമയോടെ നമ്മുടെ മുന്നിലുള്ളപ്പോള്‍ ലാല്‍ പറഞ്ഞ വാക്കുകളില്‍ ഒട്ടും അതിശയോക്തി തോന്നില്ല. ഓരോ മലയാളിക്കും പ്രിയപ്പെട്ട കുറെ മമ്മൂട്ടി കഥാപാത്രങ്ങളുണ്ടാകും.. അതു ചിലപ്പോള്‍ ചന്തുവാകാം, മാടയാകാം, അംബേദ്കറാകാം, പുട്ടുറുമീസാകാം...ബാലന്‍ മാഷാകാം...പ്രാഞ്ചിയേട്ടനാകാം...ഈ കഥാപാത്രങ്ങളിലൊക്കെ വേറെ ഏതൊരു നടന്‍ അഭിനയിച്ചാലും അമിതമായേക്കാവുന്ന മാജിക് മമ്മൂട്ടി ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

71 വയസിന്‍റെ നിറവിലാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന് 51ഉം. 50 വര്‍ഷങ്ങളായി വിസ്മയിപ്പിച്ചുകൊണ്ട് അദ്ദേഹം നമ്മുടെ കൂടെയുണ്ട്. ഓണ്‍ സ്ക്രീനിലായാലും ഓഫ് സ്ക്രീനിലായാലും മമ്മൂട്ടി എത്തുമ്പോള്‍ ഒരു ഉത്സവമാണ്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു 71കാരന്‍ വെള്ളിത്തിരയില്‍ തീര്‍ക്കുന്ന വിസ്മയം കാണാനുള്ള കാത്തിരിപ്പില്‍....കാരണം അയാള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ അത്ഭുതങ്ങള്‍ മാത്രമാണല്ലോ സമ്മാനിച്ചിട്ടുള്ളത്... 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News