'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു'; കെ ജി ജോര്‍ജിന്റെ വിയോഗത്തിൽ മമ്മൂട്ടി
കെ ജി ജോര്‍ജിന്റെ സംവിധാനത്തിലൊരുങ്ങിയ മേളയിലാണ് മമ്മൂട്ടി ആദ്യമായി നായകനാവുന്നത്
മമ്മൂട്ടി സിനിമയില്‍ പിച്ചവെച്ച് തുടങ്ങിയ കാലത്ത് അദ്ദേഹത്തിന് മികച്ച കഥാപാത്രം ഒരുക്കി നല്‍കി എന്നതുകൂടിയാണ് കെ.ജി ജോർജ് എന്ന സംവിധായകനെ മലയാള സിനിമ അടയാളപ്പെടുത്തുന്നത്. തന്‍റെ പ്രിയപ്പെട്ട സംവിധായകന്‍ കെ.ജി ജോർജിന്‍റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു , ആദരാഞ്ജലികൾ ജോർജ് സാർ'. എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
കെ ജി ജോര്‍ജിന്റെ സംവിധാനത്തിലൊരുങ്ങിയ മേളയിലാണ് മമ്മൂട്ടി ആദ്യമായി നായകനാവുന്നത്. 1980ലാണ് മേള റിലീസ് ചെയ്യുന്നത്. ഒരു സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടി, രഘു, ശ്രീനിവാസൻ, ലക്ഷ്മി, അഞ്ജലി നായിഡു തുടങ്ങിയവർ വേഷമിട്ടു. ചിത്രത്തിൽ മോട്ടോർ അഭ്യാസിയായി എത്തിയ ആളായിരുന്നു മമ്മൂട്ടി. നടന്റെ കരിയറിലെ മികച്ചൊരു ചിത്രം കൂടിയായിരുന്നു ഇത്.
യവനിക മുതലാണ് മമ്മൂട്ടി എന്ന സറ്റാർ ജനിക്കുന്നത്. മലയാള സിനിമയുടെ നടപ്പ് സിനിമാരീതികളെയല്ലാം പിഴുതെറിഞ്ഞ് യവനിക ലക്ഷണമൊത്ത ആദ്യ ക്രൈത്രില്ലറായി അറിയപ്പെട്ടു. റിലീസ് കേന്ദ്രങ്ങളിലും ചിത്രം തരംഗമായതോടെ മമ്മൂട്ടിയുടെ കരിയറിന്‍റെ വളർച്ചയ്ക്കും സഹായിച്ചു.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെ എറണാകുളം വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി ജോർജിന്‍റെ അന്ത്യം. 1946-ൽ തിരുവല്ലയിൽ ജനിച്ച കെ.ജി.ജോർജ് 1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു.സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.