"സി.ബി.ഐയില്‍ മമ്മൂട്ടി മികച്ചതാക്കി, എന്നാലും വലിയ ചില പ്രശ്നങ്ങളുണ്ട്": എന്‍.എസ് മാധവന്‍
സാങ്കേതിക വിദ്യയെ ഒട്ടും ഗൗരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നതെന്ന് എന്‍.എസ് മാധവന്‍
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സി.ബി.ഐ 5: ദ ബ്രെയിന്‍ ഒ.ടി.ടിയില്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത സിനിമ നാല് ഭാഷകളിലാണ് പ്രദര്‍ശനം തുടരുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രം കണ്ട സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ സി.ബി.ഐ 5നെ തല്ലിയും തലോടിയും രംഗത്തുവന്നു. സി.ബി.ഐ 5: ദ ബ്രെയിനില്‍ മമ്മൂട്ടി മികച്ചതായെന്നും പക്ഷേ ചിത്രത്തിന് വലിയ പ്രശ്നങ്ങളുണ്ടെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു. വൈഫൈയോ ബ്ലൂ ടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വെച്ച് എങ്ങനെയാണ് ഇരയുടെ പേസ്മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നതെന്നും സാങ്കേതിക വിദ്യയെ ഒട്ടും ഗൗരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
അതെ സമയം എന്‍.എസ് മാധവന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് തിരുത്തലുകളുമായി നെറ്റിസണ്‍സ് രംഗത്തുവന്നു. ഇന്നത്തെ കാലത്ത് വിമാനത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാണെന്നും ഇരയുടെ ഫോണും പേസ്മേക്കറും ഒരേ സമയം ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹാക്കിങ് സാധ്യമാണെന്നും ഒരാള്‍ പ്രതികരിച്ചു. ഇനി ഇന്‍റര്‍നെറ്റ് ലഭ്യമല്ലെങ്കിലും വിമാനത്തിനുള്ളില് ബ്ലൂ ടൂത്ത്/വൈ ഫൈ ഡിവൈസുകള്‍ ഉപയോഗിക്കാമെന്നിരിക്കെ അവയുപയോഗിച്ച് പെയറിംഗ് സാധ്യമാണെന്നും മറുപടിയുണ്ട്.
മെയ് ഒന്നിനാണ് സി.ബി.ഐ 5: ദ ബ്രെയിന്‍ തിയറ്ററില്‍ എത്തിയത്. എസ് എന്‍ സ്വാമി-കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആശാ ശരത്താണ് നായിക. മുകേഷ്, സായ്കുമാർ, ജഗതി, രൺജി പണിക്കർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് പുതിയ സി.ബി.ഐ ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കും.