കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ ദി കോർ' തീയറ്ററുകളിലേക്ക്

മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം 'കാതൽ ദി കോർ'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക

Update: 2023-11-03 13:26 GMT
Advertising

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'കാതൽ ദി കോർ'. പ്രഖ്യാപനം മുതൽക്കെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം 'കാതൽ ദി കോർ'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്.


'കാതൽ ദി കോർ'ന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും രണ്ട് വികാരങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെപോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് 'കാതൽ ദി കോർ'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

'കണ്ണൂർ സ്‌ക്വാഡ്'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന 'കാതൽ ദി കോർ' വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങിയ റോഷാക്കും നൻപകൻ നേരത്തെ മയക്കവും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. 100 കോടി ബിസിനസ്സുമായി 2023ലെ മികച്ച ചിത്രങ്ങളിൽ ഇടം നേടിയ 'കണ്ണൂർ സ്‌ക്വാഡ്' ആറാം വാരത്തിലും തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.


മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയായ 'ടർബോ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് അടുത്തിടെയാണ്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസ്സാണ് നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ്.


എഡിറ്റിംങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News