ഹരികൃഷ്ണൻസിലെ ഇരട്ട ക്ലൈമാക്സിന്‍റെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി
സിനിമയുടെ പ്രചരണ ഉപാധിയായാണ് രണ്ട് കഥാന്ത്യം വെച്ചത്
തൊണ്ണുറുകളുടെ അവസാനകാലത്ത് മലയാളികളുടെ മനസിൽ ഇടംപിടിച്ച ചിത്രമാണ് ഹരികൃഷ്ണൻസ്. ഫാസിലിന്‍റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ഇന്നും മലയാളികളുടെ ഇഷ്ട സിനിമയുടെ പട്ടികയിൽ ഇടമുണ്ട്. ചിത്രത്തിന്‍റെ ഇരട്ട ക്ലൈമാക്സ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രം റിലീസായി 24 കൊല്ലങ്ങള്‍ക്കിപ്പുറം ഇരട്ട ക്ലൈമാക്സ് ചിത്രീകരിക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ മമ്മൂട്ടി.
സിനിമയുടെ പ്രചരണ ഉപാധിയായാണ് രണ്ട് കഥാന്ത്യം വെച്ചതെന്നും എന്നാൽ അതിങ്ങനെ പ്രത്യക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ലെന്നും പറഞ്ഞ നടൻ പ്രിന്‍റുകള്‍ അയക്കുന്ന കൂട്ടത്തിലുള്ള ചില ആളുകള്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്കായി രണ്ട് കഥാന്ത്യം എത്തിയതെന്നും പറഞ്ഞു. ഒരേ നഗരത്തിൽ ഒരു സിനിമക്ക് രണ്ട് കഥാന്ത്യം വരുമ്പാള്‍ സിനിമ കാണാൻ ആളുകള്‍ വരും എന്ന് വിചാരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ.
മമ്മൂട്ടിയുടെ വാക്കുകള്‍
ഹരിയും ക്യഷ്ണനും രണ്ടുപേരാണ്. രണ്ടു പേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ആരെ തെരെഞ്ഞെടുക്കുന്നു എന്നതാണ് സിനിമയുടെ അവസാന ഭാഗം. അത് അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായാണ് രണ്ട് കഥാന്ത്യം വെച്ചത്. ഒന്ന് ഹരിക്ക് കിട്ടുന്നതും ഒന്ന് ക്യഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരേ നഗരത്തിൽ ഒരു സിനിമക്ക് രണ്ട് കഥാന്ത്യം വരുമ്പാള്‍ സിനിമ കാണാൻ ആളുകള്‍ വരും എന്നൊരു ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷേ ഈ പ്രിന്‍റുകള്‍ അയക്കുന്ന കൂട്ടത്തിലുള്ള ചില ആളുകള്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്കായി പോയത്. അതിന്‍റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രക്ഷകർ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമ ഇത്രയും വലിയ വിജയമായതും. ഈ വേദിയിൽ ഹരികൃഷ്ണൻസിനെ പറ്റി സംസാരിക്കാൻ ഇടയായതും.