മമ്മൂട്ടി കമ്പനിയുടെ 'കണ്ണൂര്‍ സ്ക്വാഡ്'; പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് മമ്മൂട്ടി
ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് മമ്മൂട്ടി. കണ്ണൂര്‍ സ്ക്വാഡ് എന്ന് പേരിട്ട ചിത്രം ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹകനായ റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പുതിയ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയത്. 'കണ്ണൂര്‍ സ്‌ക്വാഡ്', 'ക്രിസ്റ്റഫര്‍', 'കാതല്‍' എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നാണ് അഭിമുഖത്തിനിടെ മമ്മൂട്ടി പറയുന്നത്. 'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്', 'കാതൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്.
ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. എസ്.ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് കഥ. ദീര്‍ഘ കാലം റോബിയുടെ അസിസ്റ്റന്‍റായിരുന്ന മുഹമ്മദ് റാഹിലാണ് ആദ്യ സംവിധാന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. റോബിയും സഹോദരനും നടനുമായ റോണി ഡേവിഡും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം.
പ്രൊഡക്ഷന്‍ കണ്ട്രോളര്‍-പ്രശാന്ത് നാരായണന്‍. ശബ്ദ സംവിധാനം-ടോണി ബാബു. ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ-വിതരണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ വിതരണം നിര്‍വ്വഹിക്കുക. ഓവര്‍സീസ് വിതരണം ട്രൂത്ത് ഗ്ലോബലും നിര്‍വ്വഹിക്കും. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപള്ളി, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.
ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ജിബിൻ ജോൺ, അരിഷ് അസ്‌ലം. ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള. പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ. മേക്കപ്പ് : റോണക്സ് സേവിയർ. വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു. അസാസിയേറ്റ് ഡയറക്ടേഴ്സ് : വി റ്റി ആദർശ്, വിഷ്ണു രവികുമാർ. വി.എഫ്.എക്സ് : ഡിജിറ്റൽ, ടർബോ മീഡിയ. സ്റ്റിൽസ്: നവീൻ മുരളി. പി.ആർ.ഒ : പ്രതീഷ് ശേഖർ. ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണുസുഗതൻ, അനൂപ് സുന്ദരൻ. ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ.