'ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവനാണെന്ന് മനസിലാക്കാൻ വൈകിപ്പോയി'
ഇന്നലെ മമ്മൂട്ടിയുടെ ആരാധകനായ സുബ്രന്‍ അന്തരിച്ചപ്പോഴാണ് തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും അദ്ദേഹം ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചത്
തിരശീലയിലെ മമ്മൂട്ടി കഥാപാത്രങ്ങളേക്കാള്‍ ആരാധകര്‍ മമ്മൂട്ടി എന്ന വ്യക്തിക്കാണ്. സഹജീവികളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും കരുണയും തന്നെയാണ് ഇതിനു കാരണം. ഇന്നലെ മമ്മൂട്ടിയുടെ ആരാധകനായ സുബ്രന്‍ അന്തരിച്ചപ്പോഴാണ് തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും അദ്ദേഹം ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു എന്ന് നമുക്ക് മനസിലാക്കാന്‍ സാധിച്ചത്.
'വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രൻ എന്നാക്കിയ സുബ്രന്‍റെ വിയോഗം ഒരു വ്യഥയാകുന്നു, ആദരാഞ്ജലികൾ.'- ഇങ്ങനെയായിരുന്നു മമ്മൂട്ടി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം സുബ്രനോടൊപ്പമുള്ള പഴയൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
തൃശ്ശൂർ കോർപ്പറേഷൻ പൂങ്കുന്നം ഡിവിഷനിലെ കൗൺസിലർ ഡോ. വി. ആതിരയുടെ മമ്മൂട്ടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സുബ്രന്‍റെ വിയോഗമറിഞ്ഞ മമ്മൂട്ടി ആതിരയെ ഞായറാഴ്ച ഫോണിൽ വിളിച്ച് വിവരങ്ങളാരാഞ്ഞിരുന്നു.
ഡോ. വി. ആതിരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:
"മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ.. അതിലപ്പുറം ഒന്നും എനിക്കറിയില്ല.. ഞാൻ അറിയാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ ഓർത്തിരുന്നു.
കാരണം എനിക്ക് ഓർമ വെച്ച കാലം മുതൽ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം.നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്ന് വിളിച്ചു. അയാളും സ്വയം അങ്ങനെ തന്നെയാണ് പറയാറ് . വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്‍റെ ജംഗ്ഷനിൽ ഒരു ആലിൻ ചുവട്ടിൽ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്‍റെ ചുവട്ടിൽ ആയിരുന്നു താമസം.അടുത്തുള്ള കട നടത്തുന്നവരും സമീപവാസികളും ഭക്ഷണം കൊടുക്കും.കോവിഡ് ലോക്ക്ഡൌൺ സമയത്ത് ഭക്ഷണം ഞാൻ ഏർപ്പാട് ചെയ്തിരുന്നു . എന്ത് പരിപാടി നടക്കുമ്പോഴും അതിന്‍റെ മുന്നിൽ വന്നു നിൽക്കും. അടുത്തുള്ള കുളത്തിൽ ആണ് കുളിയൊക്കെ. അതിന്‍റെ മതിലുകളിലും മമ്മൂട്ടി എന്ന് എഴുതിയിട്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണാൻ ആയി ചെന്നൈയിലെ വീട്ടിൽ വരെ പോയിട്ടുണ്ട് പല പ്രാവശ്യം. അതും സോഷ്യൽ മീഡിയ വരുന്നതിനു മുൻപുള്ള കാലത്ത്. മമ്മൂട്ടി എന്നാൽ അയാൾക്ക് അത്രയും ആരാധനയായിരുന്നു. അദ്ദേഹത്തിനെ വെച്ച് സിനിമ എടുക്കുന്നതിനു ഒരുപാട് കാശിനു ലോട്ടറി ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.
ഇങ്ങനെയുള്ള മമ്മൂട്ടി സുബ്രൻ ഇന്നലെ രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരായ ശ്രീജിത്തും അപ്പുവും ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു കുറച്ച് സമയത്തിന് ശേഷം മരണപ്പെട്ടു. ഇതറിഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഞാൻ മമ്മൂട്ടി എന്ന നടനെ ഓർക്കാൻ കാരണം.
പക്ഷേ ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി. അൽപ സമയം മുൻപ് മരണവിവരം അറിഞ്ഞു അദ്ദേഹം എന്നെ ഫോണിൽ വിളിക്കുന്നത് വരെ.
'കഥ പറയുമ്പോൾ' സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് . തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു മലയാളത്തിന്‍റെ മെഗാസ്റ്റാർ എന്നറിയുമ്പോൾ തികഞ്ഞ ആദരവ് മമ്മൂക്ക.സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മമ്മൂക്ക പങ്കിട്ടു. ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോൾ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കൽ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രൻ ഉപയോഗിച്ചില്ല . തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രൻ.
സുബ്രനെ ഓർത്തതിന് , ആ സ്നേഹ വായ്പിന് , കരുതലിന് , ആദരവോടെ നന്ദി മമ്മൂക്കാ..
മമ്മൂട്ടി സുബ്രന് ആദരാഞ്ജലികൾ"