"കമ്മട്ടിപ്പാടത്തില്‍ മുന്‍നിര നടന്‍ അഭിനയിച്ചിട്ടും സീനുകള്‍ വെട്ടിമാറ്റി"-തുറന്നുപറഞ്ഞ് മണികണ്ഠന്‍

"ഞങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടങ്ങളുണ്ട്. വിനായകനും ഞാനും ആ വേഷങ്ങള്‍ ചെയ്യാന്‍ കാരണങ്ങളുണ്ട്. ഞങ്ങളുടെ ആത്മാവിലോ ശരീരത്തിലോ ഗംഗയോ ബാലനോ ഉണ്ട്. ഇതൊന്നുമില്ലാത്ത ആളാണ് ദുല്‍ഖര്‍ സല്‍മാന്‍"

Update: 2022-06-02 10:32 GMT
Editor : ijas
Advertising

കമ്മട്ടിപ്പാടത്തില്‍ മലയാളത്തിലെ മുന്‍നിര നടന്‍ അഭിനയിച്ചിട്ടും അദ്ദേഹത്തിന്‍റെ സീനുകള്‍ വെട്ടിമാറ്റിയിരുന്നതായി നടന്‍ മണികണ്ഠന്‍ ആചാരി. നാലര മണിക്കൂര്‍ നീളുന്ന സിനിമയില്‍ ആ സീനുകള്‍ ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. നമ്മളറിയാത്ത ഇനിയും ഒരുപാട് ആളുകള്‍ കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും പക്ഷേ തിയറ്ററില്‍ സിനിമക്ക് വേണ്ടതെന്താണോ ആ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാത്ത ആളാണ് രാജീവ് രവിയെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയവണ്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് മണികണ്ഠന്‍റെ തുറന്നുപറച്ചില്‍.

സിനിമാ ജീവിതത്തില്‍ നിരവധി പേരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയിട്ടുണെന്നും മണികണ്ഠന്‍ പറഞ്ഞു. തിലകന്‍, മുരളി,നെടുമുടി വേണു, ഭരത് ഗോപി, കലാഭവന്‍ മണി, നാസര്‍, നസ്റുദ്ദീന്‍ ഷാ എന്നിവരുടെ വേഷങ്ങളോട് ആരാധന തോന്നിയിട്ടുണ്ട്. വിനായകനില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും ഒരുപാട് പഠിക്കാന്‍ സാധിച്ചതായും മണികണ്ഠന്‍ പറഞ്ഞു. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ നല്ലൊരു നടനായാണ് തോന്നിയതെന്നും മണികണ്ഠന്‍ പറഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടങ്ങളുണ്ട്. വിനായകനും ഞാനും ആ വേഷങ്ങള്‍ ചെയ്യാന്‍ കാരണങ്ങളുണ്ട്. ഞങ്ങളുടെ ആത്മാവിലോ ശരീരത്തിലോ ഗംഗയോ ബാലനോ ഉണ്ട്. ഇതൊന്നുമില്ലാത്ത ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. കൃഷ്ണന്‍ എന്ന കഥാപാത്രമായി കൊച്ചിക്കാരന്‍ ആയിട്ട് ഈ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ കൃഷ്ണന്‍ പിടിച്ചുനിന്നു എന്നത് ഗംഭീരമായി പണിയെടുത്തത് കൊണ്ടാണ്,' മണികണ്ഠന്‍ പറഞ്ഞു. സ്പെയ്സ് അറിഞ്ഞുകൊണ്ട് അഴിഞ്ഞാടുന്ന അഭിനേതാവാണ് വിനായകനെന്നും ഒരു സെക്കന്‍ഡ് പോലും സിനിമയില്‍ വിനായകന്‍ ചേട്ടനെ കണ്ടിട്ടില്ല പകരം ഗംഗ എന്ന കഥാപാത്രം തന്നെയായാണ് കണ്ടിരുന്നതെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് മണികണ്ഠന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂണ്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്', വിക്രം നായകനായ 'കോബ്ര', വിജയ് സേതുപതി നായകനായ 'മാമനിതന്‍', ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്‍റെ തേനീച്ചകള്‍' എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

മണികണ്ഠന്‍ ആചാരിയുടെ വാക്കുകള്‍:

കമ്മട്ടിപ്പാടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു നടന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുറേ ദിവസങ്ങള്‍ കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിരുന്നു. ആ സീനുകള്‍ പക്ഷേ ഉപയോഗിക്കാന്‍ പറ്റിയില്ല. നാലര മണിക്കൂര്‍ ആ സിനിമ ചെയ്തിട്ടുണ്ട്. നമ്മളറിയാത്ത ഇനിയും ഒരുപാട് ആളുകള്‍ അതില്‍ അഭിനയിച്ചവരുണ്ട്. പക്ഷേ തിയറ്ററില്‍ സിനിമക്ക് വേണ്ടതെന്താണോ ആ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാത്ത ആളാണ് രാജീവ് രവി. എന്‍റെ സീനെടുത്ത ശേഷം അത് കൂടുതലായിട്ടോ അത് സിനിമക്ക് വേണ്ടാത്തതോ ആണെങ്കില്‍ എന്നോടുള്ള സ്നേഹമോ ബന്ധമോ അവിടെ നോക്കിയാല്‍ സിനിമയോട് നീതി പുലര്‍ത്താന്‍ പറ്റില്ല. അത് ആരോഗ്യപരമായി മനസ്സിലാക്കുന്ന ആളാണ് ഞാനും. ആദ്യം പറഞ്ഞ ആക്ടറാണെങ്കിലും ഇന്‍റിവിജ്വല്‍ വിഷമങ്ങളില്ലാത്ത ആളാണ്. അതാണ് പ്രൊഫഷണലിസം. പ്രൊഫഷണലായി കാണുകയാണെങ്കില്‍ അങ്ങനെത്തെ സങ്കടങ്ങള്‍ ഒന്നുമുണ്ടാവരുത്.

വിനായകന്‍ ചേട്ടനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയിട്ടുണ്ട്. തിലകന്‍, മുരളി, നെടുമുടി വേണു, ഭരത് ഗോപി, കലാഭവന്‍ മണി, നാസര്‍, നസ്റുദ്ദീന്‍ ഷാ എന്നീ കാരക്ടര്‍ ആക്ടേഴ്സിനോടാണ് കൂടുതല്‍ ആരാധന തോന്നിയിട്ടുള്ളത്. ഇവരോടെല്ലാം കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാന്‍ വന്ന സമയത്ത് കൊറേ പേരെ ഒക്കെ നഷ്ടപ്പെട്ടുപോയി. വിനായകനില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം ചെയ്തതില്‍ ദുല്‍ഖര്‍ ആണ് നല്ലൊരു ആക്ടര്‍ ആണെന്ന് തോന്നിയിട്ടുള്ളത്. ജൂറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നല്ല പറയുന്നത്. വിനായകന്‍ ചേട്ടന്‍ അങ്ങനെ ചെയ്യാനും ഞാന്‍ അങ്ങനെ ചെയ്യാനും കാരണങ്ങളുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടങ്ങളുണ്ട്. ഞങ്ങളുടെ ആത്മാവിലോ ശരീരത്തിലോ ഗംഗയോ ബാലനോ ഉണ്ട്. ഇതൊന്നുമില്ലാത്ത ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. കൃഷ്ണന്‍ എന്ന കഥാപാത്രമായി കൊച്ചിക്കാരന്‍ ആയിട്ട്, ആളുടെ ചെറുപ്പമൊക്കെ ചെന്നൈയിലാണ് പഠിച്ചത്. ഈ രണ്ട് കാരക്ടേഴ്സിനിടയില്‍ കൃഷ്ണന്‍ പിടിച്ചുനിന്നു, മുകളില്‍ എത്തി എന്നത് ഗംഭീരമായി വര്‍ക്ക് ചെയ്തത് കൊണ്ടാണ്. ഞാന്‍ എടുത്തതിനേക്കാള്‍ സ്ട്രെയിന്‍ ദുല്‍ഖര്‍ എടുത്തിട്ടുണ്ടാകും. ഞാന്‍ ഡെയിലി കൊച്ചി നടന്നിട്ട് പോലും ആ ഭാഷ എനിക്ക് എടുക്കാന്‍ പറ്റുന്നില്ല. കൃത്യമായി കൊച്ചിയില്‍ കേള്‍ക്കുന്ന കൊച്ചി-മട്ടാഞ്ചേരി ഭാഷയല്ല സിനിമയില്‍ കേള്‍ക്കുന്ന ഭാഷ. സിനിമയില്‍ ഭംഗിക്കായി ഒരുപാട് നീട്ടലുണ്ട്. അതൊന്നുമല്ലാത്ത കൊച്ചി ഭാഷയുണ്ട്.

സ്പെയ്സ് അറിഞ്ഞുകൊണ്ട് അഴിഞ്ഞാടുന്ന അഭിനേതാവാണ് വിനായകന്‍. ഒരു സെക്കന്‍ഡ് പോലും വിനായകന്‍ ചേട്ടനെ കണ്ടിട്ടില്ല.ഗംഗ എന്ന കഥാപാത്രം തന്നെയായാണ് വിനായകന്‍ ചേട്ടനുള്ളത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News