കാപ്പയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറി
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് കാപ്പ
കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്മാറി. അജിത് നായകനാവുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടും കാപ്പ സിനിമയുടെ ചിത്രീകരണവും ഒരുമിച്ചു വന്നതിനാലാണ് പിന്മാറ്റം എന്നാണ് വിവരം. അജിത്ത് ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി ചെന്നൈയിലാണ് മഞ്ജു ഇപ്പോള്‍. അതെ സമയം മഞ്ജുവിന്‍റെ കഥാപാത്രത്തിലേക്ക് ആരെ പരിഗണിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും കാപ്പയില്‍ നിര്‍ണായക വേഷങ്ങളിലെത്തും.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മധു എന്ന കൊട്ട മധുവിനെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്. കാപ്പയുടെ പൂജ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്നു. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാപ്പ'.
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഒടുവില്‍ ഷാജി കൈലാസില്‍ എത്തിയത്.