മനു അങ്കിളിലെ ലോതര്‍ ഇന്ന് സൗദി വെള്ളക്കയിലെ മജിസ്ട്രേറ്റ്

സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്ട്രേറ്റിന്‍റെ കഥാപാത്രം അവതരിപ്പിയ്ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്

Update: 2022-05-03 02:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍. 1988ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ അണിനിരന്ന ചിത്രത്തില്‍ കുറച്ചു കുട്ടിക്കൂട്ടങ്ങളായിരുന്നു സ്കോര്‍ ചെയ്തത്. നാല്‍വര്‍ സംഘത്തിന്‍റെ നേതാവായ ലോതറിനെ ചിത്രം കണ്ടവരാരും മറക്കില്ല. കുര്യന്‍ ചാക്കോയാണ് ലോതറിനെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം കുര്യന്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയിലൂടെയാണ് കുര്യന്‍റെ മടങ്ങിവരവ്. ചിത്രത്തിലെ രസികനായ മജിസ്ട്രേറ്റിനെ അവതരിപ്പിച്ചിരിക്കുന്നത് കുര്യനാണ്.


ഫേസ്ബുക്ക് കുറിപ്പ്

സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്ട്രേറ്റിന്‍റെ കഥാപാത്രം അവതരിപ്പിയ്ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളിൽ ഒന്നിലും തരുണും ടീമും തൃപ്തരായില്ല. ആവനാഴികളിലെ അസ്ത്രങ്ങൾ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുൺ ഒന്നിലും തൃപ്തനായിരുന്നില്ല. ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുൺ കാണാൻ ഇടയായത്.

ആ വീഡിയോയിൽ കണ്ട ആളുടെ മാനറിസങ്ങളും  ഇരുത്തവും ചലനങ്ങളും എല്ലാം തന്‍റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയിൽ കണ്ട ആൾ 'മനു അങ്കിൾ ' എന്ന സിനിമയിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്,

മനു അങ്കിൾ റിലീസായി വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാൻ സംവിധായകൻ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമ്മാതാവ് സന്ദിപ് സേനന് മജിസ്‌ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചു ആദ്യ കാഴ്ചയിൽ തന്നെ ആവേശഭരിതനായ നിർമ്മാതാവിനും കുര്യൻ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാൻ തിടുക്കമായി.

പക്ഷേ കുര്യൻ ചാക്കോയുടെ കോൺടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ ഇരുന്നത് കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവിൽ ആ ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യൻ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു. കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യൻ ചാക്കോയുടെ മറുപടി. "അയ്യോ.. ഞാൻ ഇല്ല... അതൊക്കെ അന്ന് ഡെന്നിസ് സർ പറഞ്ഞത് പോലെ ചെയ്തത് ആണ്... അതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി... നിങ്ങൾ വേറെ ആളിനെ നോക്കു എന്നാണ്.." തരുൺ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു...

കഥ കേട്ടതോടെ തനിക്കും ഇതിന്‍റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു. തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവിൽ സൗദി വെള്ളക്കയിലെ രസികനായ മജിസ്ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോൾ കുര്യൻ ചാക്കോ പറഞ്ഞു നിർത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാൻ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.

പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറിൽ കുര്യൻ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്നേഹം വീണ്ടുമെത്തുമ്പോൾ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയിൽ ഇനിയും കുര്യൻ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കയ്യടികൾ ഏറ്റു വാങ്ങുന്നതിനായി.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News