'കുഞ്ഞാലി വരും, അതെനിക്കേ പറയാന്‍ പറ്റൂ'; റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ മരക്കാറിന്‍റെ പുതിയ ടീസര്‍

ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ആശങ്കകള്‍ പരിഹരിച്ചുള്ള പുതിയ ടീസറില്‍ മരക്കാറിന്‍റെ ഡിസംബര്‍ രണ്ടിലെ റിലീസ് തിയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2021-11-11 15:56 GMT
Editor : ijas
Advertising

മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹം തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിന്‍റെ ശബ്ദാഭിനയത്തോടെ സിനിമയിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ ടീസര്‍ പുറത്ത്. ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ആശങ്കകള്‍ പരിഹരിച്ചുള്ള പുതിയ ടീസറില്‍ മരക്കാറിന്‍റെ ഡിസംബര്‍ രണ്ടിലെ റിലീസ് തിയതിയും നിര്‍മാണ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്‍റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവരും നടത്തിയ ചര്‍ച്ചയിലാണ് മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്. ഉപാധികൾ ഇല്ലാതെയാണ് സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക.

Full View

തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്‍റണി പെരുമ്പാവൂർ വേണ്ടെന്നു വെച്ചതായും എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ ചർച്ചയിൽ ഡിസംബർ 31 വരെ സിനിമകളുടെ വിനോദനികുതി ഒഴിവാക്കാൻ തീരുമാനിച്ചതായും സജി ചെറിയാൻ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്‍റെ ബജറ്റ് 100 കോടിയാണ്. തന്‍റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News