''മറന്നാടു പുള്ളേ...മുറിപ്പാടുകളെ...'' 'പണി' യിലെ ആദ്യ ലിറിക്കൽ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ "പണി" ഒക്ടോബർ 17 ന് തിയേറ്ററുകളിലെത്തും

Update: 2024-09-29 09:19 GMT
Advertising

മലയാളികളുടെയും ഇപ്പോൾ അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്‌. അദ്ദേഹം ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' യിൽ നിന്നും ആദ്യത്തെ ലിറിക്കൽ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വിഷ്ണു വിജയ് സംഗീത സംവിധാനവും, മുഹ്സിൻ പരാരി രചനയും നിർവ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. മറന്നാടു പുള്ളേ...മുറിപ്പാടുകളെ... എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

ഈ ഗാനത്തിന്റെ റിലീസിനോടൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു വിശേഷവും "പണി" യുടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന "പണി " ഒക്ടോബർ മാസം 17 ന് പ്രേക്ഷകരിലേക്കെത്തുമുള്ള പ്രഖ്യാപനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതും അഞ്ചു ഭാഷകളിൽ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം.

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റിൽ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുൻ നിര വിതരണ കമ്പനികളുമായി ചർച്ചയിലാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇപ്പോൾ.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര ടെക്നീഷ്യൻമാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News