മീഡിയവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധമറിയിച്ച് പാർവതിയും റിമ കല്ലിങ്കലും
ഇത് ഭ്രാന്തമായ നടപടിയാണെന്നാണ് പാർവതി പ്രതികരിച്ചത്
മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ സിനിമാലോകത്തും പ്രതിഷേധം. ചാനലിന് ഐക്യദാർഢ്യവുമായി സിനിമാരംഗത്തെ പ്രമുഖർ രംഗത്തെത്തി.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായകരായ ആഷിഖ് അബു, മുഹ്‌സിൻ പരാരി, സക്കരിയ്യ തുടങ്ങിയവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യമറിയിച്ചു. ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി വിവരം അറിയിച്ചുകൊണ്ടുള്ള എഡിറ്റർ പ്രമോദ് രാമന്റെ കുറിപ്പും വാർത്തയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടായിരുന്നു പ്രമുഖർ പിന്തുണ അറിയിച്ചത്. ഇത് ഭ്രാന്തമായ നടപടിയാണെന്നാണ് പാർവതി പ്രതികരിച്ചത്.
രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖരും നടപടിയെ വിമർശിച്ചിട്ടുണ്ട്. സംപ്രേഷണവിലക്ക് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെയുള്ള ഫാസിസ്റ്റ് നടപടിയാണിതെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടംവരുന്ന ഒരു നടപടിയും മിഡിയവണ്ണിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ പ്രതികരിച്ചു.
മാധ്യമസ്വാതന്ത്ര്യ വിരുദ്ധ നടപടികൾക്കതെിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായമൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി വിമർശിച്ചു.
മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തേക്കാണ് ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടൻ പുനരാരംഭിക്കും. ഹരജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞത്. നടപടിയുടെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.