'ആദ്യം ചിക്കന്‍ റോള്‍ മാത്രമേ കഴിച്ചിരുന്നുള്ളൂ, ഒരാഴ്ചക്കുള്ളില്‍ പുള്ളി കഞ്ഞിപ്പാത്രം കൊണ്ടുപോകുന്നതു കണ്ടു'; മിന്നല്‍ മുരളി അനുഭവം പറഞ്ഞ് ബേസില്‍ ജോസഫ്

ലോക്ഡൗണ്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍, മറ്റു വെല്ലുവിളികള്‍, ബഹളങ്ങള്‍, അതിനെയൊക്കെ കടന്നാണ് 'മിന്നല്‍ മുരളി' വിജയത്തിലേക്കു തലയുയര്‍ത്തി നില്‍ക്കുന്നത്

Update: 2021-12-25 09:18 GMT
Advertising

ഒരുപാടു കാത്തിരിപ്പിന് ശേഷം ഒ.ടി.ടിയില്‍ തരംഗമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. കുഞ്ഞി രാമായണത്തിന്റെയും ഗോദയുടെയും വമ്പന്‍ വിജയത്തോടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച ബേസില്‍ ജോസഫിന്റെ 'മിന്നല്‍ മുരളി' യാണ് ഇന്നത്തെ ചർച്ചാ വിഷയം.

ലോക്ഡൗണ്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍, മറ്റു വെല്ലുവിളികള്‍, ബഹളങ്ങള്‍, അതിനെയൊക്കെ കടന്നാണ് 'മിന്നല്‍ മുരളി' വിജയത്തിലേക്കു തലയുയര്‍ത്തി നില്‍ക്കുന്നത് എന്ന് ബേസില്‍ പറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വന്ന ശേഷം മനോരമ ഓണ്‍ലൈന് നല്‍കിയ ആദ്യ അഭിമുഖത്തിലാണ്  ബേസിലിന്റെ പ്രതികരണം.

2015 ലാണ് ആദ്യ സിനിമ 'കുഞ്ഞിരാമായണം' ചെയ്യുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 'ഗോദ'. പിന്നീട് സംവിധാനത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും അഭിനയം തുടര്‍ന്നു. മിന്നല്‍ മുരളിയുടെ തുടക്കം മുതല്‍ റിലീസ് വരെ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്ന് ബേസില്‍ പറയുന്നു. 2018 തുടക്കത്തിലാണ് അരുണ്‍ അനിരുദ്ധും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥയുടെ തുടക്കത്തിലേയ്ക്ക് കടക്കുന്നത്. അതിനുശേഷം ആ ചിന്ത സ്റ്റോറി ബോര്‍ഡിലേക്കു വളര്‍ന്നു. എന്തു തീരുമാനമെടുക്കാനും പൂര്‍ണ സാതന്ത്ര്യം തന്ന നിര്‍മാതാക്കളായിരുന്നു സോഫിയ പോളും അവരുടെ മകനായ കെവിനും. അവരുടെ പിന്തുണ വളരെ വലുതായിരുന്നു.

സിനിമ പോലെ തന്നെ നമുക്ക് പ്രധാനപ്പെട്ടതായിരുന്നു വിഎഫ്എക്‌സ്. ഏറ്റവും പേടിയുള്ള ഏരിയയും അതായിരുന്നു. ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുമായേ എല്ലാവരും മിന്നല്‍ മുരളിയെ കംപയര്‍ ചെയ്യൂ. 'വിഎഫ്എക്‌സ് അത്ര പോര' എന്നൊരൊറ്റ കമന്റില്‍ സകലതും തീരും. നമ്മുടെ നാട്ടില്‍ തന്നെയുള്ള, മലയാളത്തില്‍ സിനിമ ചെയ്യുന്ന വിഎഫ്എക്‌സ് ടീം, അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു സിനിമയായിരുന്നു മിന്നല്‍ മുരളി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറുതേ ഒരു സൗണ്ട് ഇട്ടു കൊടുക്കുക എന്നതിനപ്പുറം സൂപ്പര്‍ ഹീറോയിസം ഇന്‍വെന്റ് ചെയ്യുന്ന ശബ്ദങ്ങള്‍ ആയിരുന്നു സിനിമയ്ക്ക് ആവശ്യം. സൂപ്പര്‍ഹീറോയുടെ സൂപ്പര്‍ പവറുകള്‍ പുതിയ തരം ശബ്ദത്തിലൂടെയാണ് കേള്‍ക്കേണ്ടത്. ഇന്റര്‍നെറ്റിലൊന്നും അത്തരം ശബ്ദങ്ങള്‍ കിട്ടില്ല. എക്‌സ്‌റേ ഫിലിമുകള്‍ വിറപ്പിച്ച് അതില്‍നിന്നു പ്രതിഫലിക്കുന്ന ശബ്ദം സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ച് ഓരോന്ന് നമ്മള്‍ കണ്ടുപിടിക്കുകയായിരുന്നു. സൗണ്ട് ഡിസൈനിങിലും ഒരു ക്രിയേറ്റിവിറ്റിയും ഇന്‍വെന്‍ഷന്‍ നടത്താന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ലിക്‌സിന്റെ ബ്രാന്‍ഡിങ് ഒരുപാട് ഗുണം ചെയ്തു. സിനിമ ടൈറ്റില്‍ എന്നതിനപ്പുറത്തേക്ക് 'മിന്നല്‍ മുരളിഒരു ബ്രാന്‍ഡായി മാറി. മിന്നല്‍ മുരളിയുടെ പേരില്‍ പരസ്യം വരെ ഇറങ്ങി ഈ സിനിമ കേരളത്തില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുറത്തേക്ക് എത്തിക്കാനും കഴിഞ്ഞു. 195 രാജ്യങ്ങളിലാണ് ഇത് ഒരേ സമയം ഇറങ്ങുന്നത്. ഇതുവരെ നമുക്കങ്ങനെ ഒരവസരം കിട്ടിയിട്ടില്ല.

കോവിഡിന്റെ ഇടയില്‍ ടൊവീനോയുടെ ലുക്ക് മെയിന്റന്‍ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. മുടിയും ബോഡി ലാംഗ്വേജും ഫിസിക്കലും ഒക്കെ മെയ്‌ന്റെയ്ന്‍ ചെയ്യുക അത്ര എളുപ്പമല്ല.ഒന്നര വര്‍ഷം ടൊവീനോ ഇതേ ലുക്കില്‍ത്തന്നെ നടന്നു. സിനിമയ്ക്കു വേണ്ടി ടൊവീനോയുടെ പല രീതിയിലുള്ള ലുക്കുകള്‍ ഉപയോഗിക്കാനും സാധിച്ചു. കോവിഡ് ആദ്യതരംഗം കഴിഞ്ഞ ശേഷമായിരുന്നു ഫൈറ്റ് സീക്വന്‍സ് എടുക്കാനുണ്ടായിരുന്നത്. കര്‍ണാടകത്തിലായിരുന്നു ഷൂട്ട്. ആര്‍.ടി.പി.സി.ആര്‍ ചെയ്താല്‍ മാത്രമേ അങ്ങോട്ട് കടത്തിവിടൂ. ആരെങ്കിലും പോസിറ്റീവായാല്‍ ഷൂട്ട് മുഴുവന്‍ നിര്‍ത്തേണ്ടിവരും. എന്നും പേടിയായിരുന്നു. ഒരു ബോംബിന്റെ അടിയില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു എന്ന് ബേസില്‍ ഓര്‍ത്തു.

വലിയൊരു യുദ്ധം തന്നെയായിരുന്നു. ഇതിനോടൊക്കെ ടൊവീനോ സഹകരിച്ചു. സാധാരണ ഒരാള്‍ ഫൈറ്റ് ചെയ്യുന്നതുപോലുള്ള ആക്ഷനല്ല സൂപ്പര്‍ ഹീറോ ഫൈറ്റിനു വേണ്ടിയിരുന്നത്. പോസ്റ്ററിലും മറ്റും ഉണ്ടായ ഫീല്‍ നില്‍പ്പിലും നടത്തത്തിലും ഒക്കെ കൊണ്ടുവരണം. എന്നാലേ ഒരു സൂപ്പര്‍ ഹീറോയുടെ ഇമേജും ഫീലും നമുക്കു ലഭിക്കു. ഇങ്ങനയൊന്നുമാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചതല്ല. ആദ്യ സിനിമ ചെയ്യുമ്പോള്‍ എനിക്കറിയില്ലല്ലോ, ഞാനൊരു സൂപ്പര്‍ ഹീറോ സിനിമയുടെ സംവിധായകന്‍ ആകുമെന്ന്. ആളുകള്‍ ഇത് സെലിബ്രേറ്റ് ചെയ്യുന്നു എന്ന് കാണുമ്പോള്‍ സന്തോഷമുണ്ട് നര്‍മത്തോടെ ബേസില്‍ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News