'ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോള്‍...'; നടൻ പ്രേംകുമാറിന്‍റെ പുസ്‌തകം പ്രകാശനം ചെയ്‌ത് മോഹൻലാലും മമ്മൂട്ടിയും
മമ്മൂട്ടിയും ലാലും ഒരുമിച്ച് പങ്കെടുത്ത ഒരു പുസ്തകപ്രകാശന ചടങ്ങാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള വേദികളെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. ഇരുവരും ഉറ്റസുഹൃത്തുക്കളായതുകൊണ്ടുതന്നെ അവരെ ഒരുമിച്ചുകിട്ടുമ്പോഴെല്ലാം ഒരു വൈറല്‍ ചിത്രം പതിവാണ്. മമ്മൂട്ടിയും ലാലും ഒരുമിച്ച് പങ്കെടുത്ത ഒരു പുസ്തകപ്രകാശന ചടങ്ങാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നടനും ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനുമായ പ്രേംകുമാറിന്‍റെ 'ദൈവത്തിന്‍റെ അവകാശികൾ' എന്ന പുസ്‌തകമാണ് മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പ്രകാശനം ചെയ്‌തത്. താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിയ്ക്കായി താരങ്ങൾ ഒത്തുകൂടിയപ്പോഴാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. മമ്മൂട്ടിക്കും പ്രേംകുമാറിനുമൊപ്പം നിൽക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. "പ്രിയപ്പെട്ട സുഹൃത്തും, നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച "ദൈവത്തിന്‍റെ അവകാശികൾ " എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.." എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്.
കവിയും പ്രേംകുമാറിന്‍റെ അധ്യാപകനുമായിരുന്ന വി.മധുസൂദനന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. 22 ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ''ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്‍റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്‍റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്‍റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്‍റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു'' വി. മധുസൂദനൻനായർ അവതാരികയില്‍ പറയുന്നു.
പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച "ദൈവത്തിൻ്റെ അവകാശികൾ " എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.. pic.twitter.com/8Ohk2OZZCm
— Mohanlal (@Mohanlal) July 13, 2022