പ്രീ ബുക്കിങ്ങിൽ വിറ്റ് പോയത് അഞ്ച് ലക്ഷത്തിലധികം ടിക്കറ്റുകള്‍; ജവാനായി ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ് ബാക്കി
ഷാരൂഖും അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നയൻതാരയുടെ ഹിന്ദി അരങ്ങേറ്റം കൂടിയാണ്
മുംബൈ: പഠാന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ പ്രേക്ഷകരിലേക്കെത്താൻ മൂന്ന് ദിവസം ബാക്കി. ഏറെ പ്രതിക്ഷകളുമായാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. റിലീസിന് മുൻപേ ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും ഗദ്ദർ 2-വിന്റെയും റെക്കോഡുകൾ മറികടന്ന് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. സെപ്റ്റംബർ ഏഴിന് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആണ് തുടങ്ങിയത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ജവാന്‍റെ സംവിധാനം ആറ്റ്‍ലിയാണ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നയന്‍താരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. സാനിയ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലായി സെപ്തംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
ഷാരൂഖും അറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നയൻതാരയുടെ ഹിന്ദി അരങ്ങേറ്റം കൂടിയാണ്. ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്ക് അനുസരിച്ച് 5,77,255 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഹിന്ദി പതിപ്പിന് മാത്രം 5,29,568 ടിക്കറ്റും തമിഴ് പതിപ്പിന്റെ 19,899 ടിക്കറ്റുകളും തെലുങ്ക് പതിപ്പിന്റെ 16,230 ടിക്കറ്റുമാണ് വിറ്റുപോയത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ആക്ഷൻ, മാസ്സ്, ത്രില്ലിംഗ് രംഗങ്ങള്‍ നിറഞ്ഞ ജവാൻ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. ചിത്രം ബോക്സോഫീസിൽ പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ജവാന്റെ അണിയറപ്രവർത്തകർ. റെക്കോഡ് ടിക്കറ്റ് ബുക്കിങും പ്രതീക്ഷയുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.