'സ്വാഭാവിക തനിമ റീമിക്‌സ് ഗാനങ്ങൾ നശിപ്പിക്കുന്നു'; നീലവെളിച്ചം സിനിമയിലെ പാട്ടുകൾക്കെതിരെ എം എസ് ബാബുരാജിന്റെ കുടുംബം
നീലവെളിച്ചത്തിന്റെ സംവിധായകൻ ആഷിക് അബുവിന് ബാബുരാജിന്റെ കുടുംബം വക്കീൽ നോട്ടീസ് അയച്ചു
കോഴിക്കോട്: നീലവെളിച്ചം സിനിമയിലെ പാട്ടുകൾക്കെതിരെ എം എസ് ബാബുരാജിന്റെ കുടുംബം. ഭാർഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചു എന്നാണ് പരാതി. നീലവെളിച്ചത്തിന്റെ സംവിധായകൻ ആഷിക് അബുവിന് ബാബുരാജിന്റെ കുടുംബം വക്കീൽ നോട്ടീസ് അയച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയ്ക്ക് ബഷീർ തന്നെ തിരക്കഥയെഴുതി എ വിൻസന്റിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ചിത്രമാണ് ഭാർഗവീനിലയം. ചിത്രത്തിനുവേണ്ടി എം എസ് ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.
അതേ കഥ അടിസ്ഥാനമാക്കിയാണ് ആഷിക് അബു നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. നീലവെളിച്ചതിന് വേണ്ടി ബിജിബാലിന്റെ സംഗീതത്തിൽ ഭാർഗവീനിലയത്തിലെ ഗാനങ്ങൾ പുതുതായി പാടി അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാർഗവീനിലയത്തിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചതെന്ന് ബാബുരാജിന്റെ മകൻ ജബ്ബാർ പറയുന്നു.
ബാബുരാജ് സംഗീതത്തിന്റെ സ്വാഭാവിക തനിമ റീമിക്‌സ് ഗാനങ്ങൾ നശിപ്പിക്കുന്നു, ഈ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും പിൻവലിക്കണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്. സംവിധായകൻ ആഷിക് അബു, സംഗീതസംവിധായകൻ ബിജിബാൽ, ഒ.പി.എം സിനിമ കമ്പനി എന്നിവർക്കാണ് നോട്ടീസ് അയച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്. നീലവെളിച്ചം തിയറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അണിയറപ്രവർത്തകരുടെ മറുപടിക്കനുസരിച്ച് നിയമ നടപടികൾ ശക്തമാക്കാൻ തന്നെയാണ് ബാബുരാജിന്റെ കുടുംബത്തിന്റെ തീരുമാനം.