'എല്ലാവരുടെയും കണ്ണ് നിറഞ്ഞു, സിനിമയേക്കാൾ വലിയ കുടുംബ നിമിഷം': മമ്മൂട്ടിയെയും സുല്‍ഫത്തിനെയും കുറിച്ച് മുകേഷ്

"ഞാൻ നോക്കിയപ്പോൾ എല്ലാം കേട്ടുകൊണ്ട് ഞങ്ങളേക്കാൾ ടെൻഷനായിട്ട് മമ്മൂക്കയുടെ ഭാര്യ നിൽക്കുകയാണ്"

Update: 2022-11-18 11:17 GMT
Advertising

കഥ പറയുമ്പോൾ എന്ന സിനിമയുടെ കഥ പറയാന്‍ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോഴുണ്ടായ വൈകാരിക അനുഭവങ്ങള്‍ വെളിപ്പെടുത്തി നടന്‍ മുകേഷ്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് മുകേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമയിൽ ശ്രീനിവാസനും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുകേഷും ശ്രീനിവാസനും ആയിരുന്നു ചിത്രത്തിന്‍റെ നിർമാതാക്കൾ.

"ഞങ്ങള്‍ മമ്മൂക്കയുടെ വീട്ടിൽ കഥ പറയാൻ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിർമിക്കുന്നതെന്ന് മമ്മൂക്ക സുൽഫത്തിനോട് പറഞ്ഞിരുന്നു. ശ്രീനി, കീഴ്‌വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറയെന്ന് ഞാന്‍ പറഞ്ഞു. കീഴ്‌വഴക്കം അനുസരിച്ച് ആ കഥ പറയേണ്ടെന്ന് മമ്മൂക്ക പറഞ്ഞു. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു - 'ശ്രീനിയുടെ കഥയിൽ എനിക്ക് വിശ്വാസമാണ്. മാത്രമല്ല പല സന്ദർഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്. കഥ പറഞ്ഞ് നിങ്ങൾ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാൻ എന്നു വരണം എന്നുമാത്രം പറഞ്ഞാൽ മതി'. മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കിൽ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാർബർ ബാലനാണ് ഇതിലെ ഹീറോ. അങ്ങയുടേത് മുഴുവന്‍ സമയ വേഷം അല്ല. സൂപ്പർ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മതി. അതിനു ഞങ്ങൾ എന്തു തരണം. ഏതൊക്കെ റൈറ്റ്സ് തരണം, ഞങ്ങൾ എത്ര അഡ്വാൻസ് തരണം?"- മുകേഷ് വിശദീകരിച്ചു.

"ഞാൻ നോക്കിയപ്പോൾ അത് കേട്ടുകൊണ്ട് ഞങ്ങളേക്കാൾ ടെൻഷനായിട്ട് മമ്മൂക്കയുടെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കയ്യിട്ട് ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നുവെന്ന് പറഞ്ഞു. തമാശ പറയേണ്ട സമയം അല്ല, ജീവന്മരണ പോരാട്ടമാണ്, ഞങ്ങൾ നിർമാതാക്കൾ ആകുമോ എന്ന് ഇപ്പൊള്‍ തീരുമാനിക്കണമെന്ന് ഞാന്‍ പറഞ്ഞു".

മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു- ''എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ? എത്ര കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങൾക്ക് തരുന്നു, ഡേറ്റ് പറഞ്ഞാൽ മാത്രം മതി''.

"മമ്മൂക്കയുടെ ഭാര്യ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അവർ ടെൻഷനിൽ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങൾക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്ന അവർ പറഞ്ഞു- ഇച്ചാക്കാ നന്നായി. കഥ പറയുമ്പോൾ സിനിമയേക്കാൾ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു"- മുകേഷ് പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News