എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്? ഞാന്‍ അശക്തനാണ്: നൊമ്പരക്കുറിപ്പുമായി മുകേഷ്

മുകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്

Update: 2023-08-09 04:33 GMT
Editor : Jaisy Thomas | By : Web Desk

മുകേഷ്/സിദ്ദിഖ്

Advertising

കൊല്ലം: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ മുകേഷ്. തന്നിലെ കലാകാരന്‍റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു സിദ്ദിഖ് സിനിമകളിലേതെന്ന് മുകേഷ് കുറിച്ചു.

മുകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഗോഡ്ഫാദര്‍ തുടര്‍ച്ചയായി 405 ദിവസങ്ങളില്‍ തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുകേഷും സായ് കുമാറും ഇന്നെസന്‍റും പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച റാംജി റാവു സ്പീക്കിംഗ് എന്ന സിനിമ സമ്മാനിച്ചതും സിദ്ദിഖ് ലാലുമായിരുന്നു.

മുകേഷിന്‍റെ കുറിപ്പ്

സിദ്ദീഖ് വിട പറഞ്ഞു. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്...?എന്നിലെ കലാകാരന്‍റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ,എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ,

മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്‍റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു.... വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്... ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം..ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്....ആത്മമിത്രമേ ആദരാഞ്ജലികൾ...

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കുറിപ്പ്

പ്രിയപ്പെട്ട സിദ്ദിഖ് സർ സ്വർഗ്ഗത്തിലേയ്ക്ക്

കലയും, സ്നേഹവും ഒരേ അളവിൽ കൊണ്ടുനടന്നയാൾ സിനിമാലയിൽ എന്റെ പ്രകടനം കണ്ട് ഡയാന ചേച്ചിയോട് അതേതാ ആ പയ്യൻ നല്ല ഭാവിയുണ്ട് എന്ന് പറഞ്ഞത് എന്റെ ആദ്യത്തെ അവാർഡ്. പിന്നീടൊരിക്കൽ ഞാൻ പഠിച്ച സ്കൂളിൽ എന്നെ ആദരിക്കുന്ന ചടങ്ങിൽ എന്നെപ്പറ്റി പറഞ്ഞ വാക്കുകൾ ഒരക്ഷരം പോലും മറക്കാതെ ഓർമ്മയിലുണ്ട് ചാൻസ് ചോദിക്കാൻ പല പ്രാവശ്യം ആലോചിച്ചു പിന്നെ ആലോചിച്ചു എന്നെ അറിയാലോ എന്നേലും വിളിക്കും..... ഈ അടുത്ത കാലത്ത് സുഹൃത്ത് സുനീഷ് വാരനാട് എഴുതി സിദ്ദിഖ് സർ ഉൾപ്പടെ പ്രൊഡ്യൂസ് ചെയ്ത "പൊറാട്ട് നാടകം" എന്ന സിനിമ ചെയ്തു.. സിനിമ മുഴുവൻ കാണാൻ സാറില്ല .... ഒരുമിച്ച് റിലീസിന് കാണാം .... സാറ് സ്വർഗ്ഗത്തിലിരുന്ന് കാണും അല്ലെങ്കിൽ ഞങ്ങളുടെ ഇടയിൽ എവിടെയെങ്കിലും ഉണ്ടാകും സിദ്ദിഖ് സർ നിങ്ങളെന്തിനാ ഇത്ര നേരത്തേ....

സുരാജ് വെഞ്ഞാറമ്മൂടിന്‍റെ വാക്കുകള്‍

ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സാറിന്‍റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല... കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല... ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു.... ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്... എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്... ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News