'എന്റെ ജീവിതം സിനിമയായേക്കും, പകര്‍പ്പവകാശം അമല്‍ നീരദ് വാങ്ങി'; ഷൈന്‍ ടോം ചാക്കോ
'അങ്ങനെ സിനിമയായാൽ അതിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് അദ്ദേഹത്തോട് ചോദിക്കുമോ?' അവതാരകന്റെ അടുത്ത ചോദ്യം.'ഗാന്ധി ചിത്രത്തിൽ ഗാന്ധിയല്ലല്ലോ അഭിനയിച്ചത്' എന്നായിരുന്നു ഷൈനിന്റെ മറുപടി
കൊച്ചി: വൈറൽ ഇന്റർവ്യുകളിലൂടെ സമൂഹമാധ്യങ്ങളിൽ ഏറെ ചർച്ചെ ചെയ്യപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. എപ്പോഴും ഷൈനിന്റെ ഇന്റർവ്യൂകൾക്ക് ലക്ഷക്കണക്കിന് ആരാധകരെയാണ് ലഭിക്കാറ്. വൈറലാകാൻ പാകത്തിന് എന്തെങ്കിലുമൊക്കെ ഷൈനിന്റെ ഇന്റർവ്യൂകളിലുണ്ടാകുമെന്നതാണ് വാസ്തവം. ഇപ്പോഴിതാ അത്തരമൊരു ഇന്റർവ്യൂ ക്ലിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വന്തം ജീവിതം ഒരു പുസ്തകമാക്കിയാൽ എന്ത് തലക്കെട്ട് കൊടുക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം.
എന്നാൽ അവതാരകനെ ഞെട്ടിച്ചുകൊണ്ടാണ് ഷൈൻ അതിന് മറുപടി പറഞ്ഞത്. 'എന്റെ ജീവിതം ഒരിക്കലും പുസ്തകമാക്കില്ല. പക്ഷെ അതൊരു സിനിമയായേക്കാം. സംവിധായകൻ അമൽ നീരദ് ഇതിനുള്ള പകർപ്പവകാശം ഇപ്പോഴേ വാങ്ങി വെച്ചിട്ടുണ്ട്. അത് സിനിമയാകാം ആകാതിരിക്കാം. പക്ഷെ അങ്ങനൊന്ന് ഉണ്ടായാൽ അമൽ നീരദിനാണ് അതിന്റെ പകർപ്പവകാശം'. ഷൈന്‍ പറഞ്ഞു.
'അങ്ങനെ സിനിമയായാൽ അതിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് അദ്ദേഹത്തോട് ചോദിക്കുമോ?' അവതാരകന്റെ അടുത്ത ചോദ്യം.'ഗാന്ധി ചിത്രത്തിൽ ഗാന്ധിയല്ലല്ലോ അഭിനയിച്ചത്' എന്നായിരുന്നു അതിനുള്ള ഷൈനിന്റെ മറുപടി.
നടി സംയുക്തക്കെതിരായ നടൻ ഷൈൻ ടോം ചാക്കോയുടെ പരാമർശം അടുത്തിടെ വലിയ വാർത്തയായിരുന്നു. ബൂമറാങ് എന്ന സിനിമയുടെ പ്രമോഷന് പങ്കെടുക്കാതിരുന്നതോടെയാണ് ഷൈൻ ടോം ചാക്കോ സംയുക്തക്കെതിരെ രംഗത്തെത്തിയത്- 'ഒരു ജോലി ഏറ്റെടുത്താൽ അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. എന്തുകൊണ്ട് അവർ ഈ സിനിമയുടെ പ്രമോഷന് വന്നില്ല?'.
സംയുക്ത പേരിലെ ജാതി ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഷൈൻ ടോമിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു- 'ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്തുകാര്യം? മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ'.
ബൂമറാങ് സിനിമയുടെ നിർമാതാവും സംയുക്തക്കെതിരെ രംഗത്തെത്തിയിരുന്നു. സംയുക്തയെ സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ 35 കോടിയുടെ സിനിമ ചെയ്യുകയാണ്, ഹൈദരാബാദിൽ സ്ഥിരതാമസമാണ് എന്നൊക്കെ പറഞ്ഞെന്നാണ് നിർമാതാവിൻറെ ആരോപണം.