പുരസ്കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; 'നാട്ടു നാട്ടുവിന്' ഓസ്കര്‍

ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്

Update: 2023-03-13 04:14 GMT
Editor : Jaisy Thomas | By : Web Desk

ഓസ്കര്‍ പുരസ്കാരം സ്വീകരിച്ച ശേഷം കീരവാണിയും ചന്ദ്രബോസും

Advertising

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇരട്ടി മധുരവുമായി ഇന്ത്യ. ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ഗാനത്തിന്' മികച്ച ഗാനത്തിനുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടു നേടിയിരുന്നു.സംഗീതസംവിധായകന്‍ എം.എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്. ആഗോളതലത്തിൽ ₹ 1,200 കോടിയിലധികം നേടിയ ആര്‍.ആര്‍.ആര്‍, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News