'കലാകാരന്‍ എങ്ങനെയാകണമെന്ന് പഠിപ്പിച്ചുതരുന്ന പാഠപുസ്തകം': മമ്മൂട്ടിയെ കുറിച്ച് നാദിര്‍ഷ
സംവിധായകന്‍ ജൂഡ് ആന്‍റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദംപ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാദിര്‍ഷയുടെ പ്രതികരണം
ഒരു കലാകാരന്‍ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചുതരുന്ന പാഠപുസ്തകമാണ് മമ്മൂട്ടിയെന്ന് സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷാ. സംവിധായകന്‍ ജൂഡ് ആന്‍റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദംപ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാദിര്‍ഷ ഇങ്ങനെ പറഞ്ഞത്.
ജൂഡിന്‍റെ പുതിയ ചിത്രമായ 2018ന്‍റെ ടീസർ ലോഞ്ചിനിടെ 'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്ന് മമ്മൂട്ടി പറഞ്ഞതാണ് വിവാദമായത്. ജൂഡിനെ പ്രശംസിക്കുന്നതിനിടെ മമ്മൂട്ടി ശാരീരിക അധിക്ഷേപം നടത്തിയെന്നായിരുന്നു വിമര്‍ശനം. പിന്നാലെയാണ് മമ്മൂട്ടി ഫേസ് ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചത്.
മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു- "പ്രിയരെ കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമിപ്പിച്ച എല്ലാവർക്കും നന്ദി". എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പിന്നാലെയാണ് മമ്മൂട്ടി പാഠപുസ്തകമാണെന്ന് നാദിര്‍ഷ കുറിച്ചത്- "കലാകാരൻ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും പ്രവൃത്തികൾ കൊണ്ടും വാക്കുകൾ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠപുസ്തകം. ലവ് യു മൈ ഡിയര്‍ ഇക്ക".
എന്നാല്‍ തനിക്ക് മമ്മൂട്ടിയുടെ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയതെന്ന് ജൂഡ് ആന്‍റണി പ്രതികരിച്ചു. തന്റെ സുന്ദരമായ തല കാരണം മമ്മൂക്കയ്ക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജൂഡ് ആന്‍റണി പറഞ്ഞു.