ബിലാലിന്‍റെ മേരി ടീച്ചര്‍ക്ക് 67-ാം പിറന്നാള്‍; പഴയ ചിത്രങ്ങള്‍ പങ്കുവച്ച് താരം
ഒരുകാലത്ത് ബോളിവുഡിലെ താരസുന്ദരിയായിരുന്ന നഫീസയുടെ കൗമാര കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം
മേരി ജോണ്‍ കുരിശിങ്കല്‍ എന്ന ഒരൊറ്റ പേര് മാത്രം മതി നഫീസ അലി എന്ന നടിയെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ബിഗ് ബിയിലെ ബിലാലിന്‍റെ മേരി ടീച്ചര്‍...67-ാം പിറന്നാളിന്‍റെ നിറവിലാണ് നഫീസ അലി. ഒരുകാലത്ത് ബോളിവുഡിലെ താരസുന്ദരിയായിരുന്ന നഫീസയുടെ കൗമാര കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
എഐ വികസിപ്പിച്ച കൗമാരകാലത്തെ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ''എഐ കളറാക്കി മാറ്റിയ എന്‍റെ കൗമാരകാലത്തെ ചിത്രങ്ങളാണ് എനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനം...നന്ദി'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നഫീസ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അഹ്മദ് അലിയുടെ മകളാണ്. 1972-74 സീസണിൽ ദേശീയ നീന്തൽ ചാമ്പ്യനായിരുന്ന നഫീസ 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ മിസ് ഇന്‍റര്‍നാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി.1979-ൽ ശ്യാം ബനഗൽ സംവിധാനം ചെയ്ത ജുനൂൻ എന്ന ഹിന്ദി ചിത്രത്തിൽ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം കൊൽക്കത്ത ജിംഘാനയിൽ ജോക്കിയായും പ്രവർത്തിച്ചു. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ(1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജർ സാബ്(1998) എന്നിവയാണ് തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
എയ്ഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് നഫീസ. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 2005 സെപ്റ്റംബറിൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സണായി നിയമിതയായി.അർജുന അവാർഡ് ജേതാവായ പോളോ താരം രവീന്ദർസിംഗ് സോധിയാണ് ഭർത്താവ്. ക്യാന്‍സറിനെ അതിജീവിച്ച കഥ കൂടി നഫീസക്കുണ്ട്. 2018ലാണ് നടിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഗോവയില്‍ വിശ്രമജീവിതത്തിലാണ് നഫീസ അലി.