'കുൽവീന്ദറിന്റെ ബയോപിക്കിൽ ആര് അഭിനയിക്കും?'; കങ്കണ കരണത്തടിയിൽ പരിഹാസവുമായി നകുൽ മേത്ത

ചണ്ഡിഗഢ് വിമാനത്താവളത്തിലെ കരണത്തടി സംഭവം ബോളിവുഡ് ആഘോഷിക്കുകയാണെന്ന പരാതിയുമായി കങ്കണ രംഗത്തെത്തിയിരുന്നു

Update: 2024-06-08 05:32 GMT
Editor : Shaheer | By : Web Desk

നകുല്‍ മേത്ത, കങ്കണ റണാവത്ത്

Advertising

മുംബൈ: ബോളിവുഡ് താരവും നിയുക്തി പാർലമെന്റ് അംഗവുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കരണത്തടിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ അറസ്റ്റ് ചെയ്യുകയും സി.ഐ.എസ്.എഫ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ കുൽവീന്ദറിനു ജോലി വാഗ്ദാനം ചെയ്ത് സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനിയും രംഗത്തെത്തി. എന്നാൽ, ബോളിവുഡ് സംഭവം ആഘോഷിക്കുകയാണെന്ന് കങ്കണയും പരാതി ഉയർത്തി. ഇപ്പോഴിതാ ഒരു ബോളിവുഡ് താരത്തിന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധമുയർത്തുകയാണ് കങ്കണ അനുകൂലികൾ.

ബോളിവുഡ് താരം നകുൽ മേത്തയാണ് സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയത്. കുൽവീന്ദറിന്റെ ബയോപിപ്പിൽ ഇനി ആര് മുഖ്യവേഷം ചെയ്യുമെന്നായിരുന്നു എക്‌സിലൂടെ നകുലിന്റെ പരിഹാസം. ഫലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയ ബോളിവുഡ് താരങ്ങൾ തന്റെ സംഭവത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നുവെന്ന ആരോപണവുമായി കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതിനിടെ, പോസ്റ്റിനു പിന്നാലെ നകുലിനെതിരെ കങ്കണ അനുകൂലികൾ അധിക്ഷേപവും വിമർശനവും കടുപ്പിച്ചിരിക്കുകയാണ്. പരാജയപ്പെട്ട നടൻ കങ്കണയുടെ പേര് ഉപയോഗിച്ച് പ്രശസ്തനാകാൻ നോക്കുകയാണെന്നാണ് ഒരാളുടെ പ്രതികരണം. ആദ്യം സ്വന്തമായി നല്ലൊരു റോൾ കണ്ടെത്താൻ നോക്കൂവെന്നാണ് മറ്റൊരാൾ വിമർശിച്ചത്. നിന്റെ അച്ഛൻ മേത്തയല്ല, മെഹ്ത്താബ് ആണെന്നതുൾപ്പെടെയുള്ള വംശീയാധിക്ഷേപവും തുടരുന്നുണ്ട് ചിലർ.

വ്യാഴാഴ്ച ചണ്ഡിഗഢ് വിമാനത്താവളത്തിലായിരുന്നു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ആക്ഷേപിച്ചതാണു പ്രകോപനമായതെന്നാണു വിവരം.

ലളിത് മോഹൻ ടെലിവിഷൻ സീരീസ് 'ഇഷ്ഖ്ബാസി'ലൂടെ ശ്രദ്ധേയനായ താരമാണ് നകുൽ മേത്ത. ബഡേ അച്ഛേ ലഗ്‌തേ ഹൈ 2, ദിൽ ബോലേ ഒബ്‌റോയ്, പ്യാർ കാ ദർദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ തുടങ്ങിയ ടെലിവിഷൻ സീരീസുകളിലിലും അഭിമാനി, ഇന്ത്യൻ ബ്യൂട്ടി, ഹാലേ ദിൽ, തസല്ലി സേ, വേദ് ആൻഡ് ആര്യ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

വിമാനത്താവളത്തിൽനിന്നു പുറത്തുവന്ന ദൃശ്യങ്ങളിലും കുൽവീന്ദർ കൗർ ഇതേക്കുറിച്ചു സംസാരിക്കുന്നതു കേൾക്കാം. 'നൂറു രൂപയ്ക്കു വേണ്ടിയാണ് ആൾക്കാർ സമരത്തിനിരിക്കുന്നതെന്നാണ് ഇവൾ പറഞ്ഞത്. അവൾ അങ്ങനെ അവിടെ പോയി ഇരിക്കുമോ? ആ പരാമർശം നടത്തിയ സമയത്ത് എന്റെ അമ്മയും അവിടെയുണ്ടായിരുന്നു'-വിഡിയോയിൽ കുൽവീന്ദർ പറഞ്ഞു.

സംഭവം ആഘോഷിക്കുന്നുവെന്നു പറഞ്ഞ് ബോളിവുഡിനെതിരെ തിരിഞ്ഞിരിക്കുകയാണ് കങ്കണ. നാളെ ഏതെങ്കിലും രാജ്യത്തിന്റെ തെരുവിൽ നടക്കുമ്പോൾ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ നിങ്ങളെയും തല്ലാനിടയുണ്ടെന്നായിരുന്നു വിമർശനം. ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിനെതിരായ ബോളിവുഡ് താരങ്ങളുടെ ഐക്യദാർഢ്യത്തെ പരിഹസിച്ചായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

Summary: 'Who will play lead in Kulwinder’s biopic?': Nakuul Mehta mocks in Kangana Ranaut slap incident

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News