"ഷൂട്ടിന്റെ ഭാഗമാണെന്ന് കരുതി, എന്നോട് ക്ഷമിക്കൂ" ആരാധകന്റെ തലയ്ക്കടിച്ചതിൽ വിശദീകരണവുമായി നാന പടേക്കർ
തെറ്റുപറ്റിയെന്ന് മനസിലാക്കി ആ കുട്ടിയെ തിരികെ വിളിച്ചെങ്കിലും ഓടിപ്പോയെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ നാന പടേക്കര്‍ പറഞ്ഞു.
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ തലയ്ക്കടിച്ച വീഡിയോ വൈറലായതിനുപിന്നാലെ മാപ്പുപറഞ്ഞ് ബോളിവുഡ് നടൻ നാന പടേക്കർ. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന 'ജേര്‍ണി' എന്ന സിനിമയുടെ വാരണാസിയിലെ ലൊക്കേഷനിൽവെച്ചായിരുന്നു സംഭവം. ആരാധകന്‍ അടുത്തേക്ക് വന്ന് ഫോണ്‍ ഉയര്‍ത്തിയ ഉടനെ തന്നെ നാന പടേക്കര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബോഡി ഗാര്‍ഡ്സ് ഇയാളെ പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ നടനെതിരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.
എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണെന്നാണ് നാന പടേക്കർ പറയുന്നത്. സിനിമയുടെ ക്രൂവിലുള്ള ആളാണെന്നാണ് താന്‍ കരുതിയതെന്നും ഷൂട്ടിന്റെ ഭാഗമാണെന്ന് ധരിച്ചാണ് അടിച്ചതെന്നുമാണ് നടന്റെ വിശദീകരണം. തെറ്റുപറ്റിയെന്ന് മനസിലാക്കി ആ കുട്ടിയെ തിരികെ വിളിച്ചെങ്കിലും ഓടിപ്പോയെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ നാന പടേക്കര്‍ പറഞ്ഞു.
"തിരക്കഥയിൽ ഒരാളെ അടിക്കുന്നതായി എഴുതിയിട്ടുണ്ടായിരുന്നു. ആ സീനിന്റെ റിഹേഴ്സലാണ് അവിടെ നടന്നുകൊണ്ടിരുന്നത്. അതിനിടയിലേക്കാണ് വീഡിയോയിൽ കാണുന്ന കുട്ടി കടന്നുവന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമാണെന്ന് കരുതി ഞാൻ അവനെ അടിച്ചു. പിന്നീടാണ് ആ കുട്ടി ഞങ്ങളുടെ ക്രൂവിലുള്ള ആളല്ലെന്ന് മനസിലായത്. തെറ്റുപറ്റിയെന്ന് മനസിലാക്കി തിരികെ വിളിച്ചെങ്കിലും അവൻ ഓടിപ്പോയിരുന്നു"- നാന പടേക്കർ പറയുന്നു.
You make them stars and they behave like this.
— saipspk (@SaiPSPK098) November 15, 2023
Think before you ask for a selfie.
Your Self Respect is in your hands.#NanaPatekar #selfie pic.twitter.com/QmDNop9W6j
എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ക്ഷമിക്കൂ. ഞാന്‍ ആരെയും തല്ലിയിട്ടില്ലെന്നും നടൻ കൂട്ടിച്ചേർക്കുന്നുണ്ട്. "ഫോട്ടോയെടുക്കുന്നതിന് ആരെയും വിലക്കിയിട്ടില്ല. ഞാൻ അങ്ങനെ ചെയ്യില്ല. ഇത് അബദ്ധത്തിൽ, തെറ്റിദ്ധാരണയിൽ സംഭവിച്ചതാണ്. എന്നോട് ക്ഷമിക്കൂ. ഇനിയൊരിക്കലും അങ്ങനെ ചെയ്യില്ല" നടൻ പറഞ്ഞു. വീഡിയോ വിവാദമായതിനു പിന്നാലെ സംവിധായകൻ അനിൽ ശർമയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വീഡിയോ തെറ്റിദ്ധരിച്ചതാണെന്നും അത് ചിത്രത്തിലെ രംഗമാണെന്നുമാണ് അനില്‍ ശര്‍മ പറഞ്ഞത്.