'നന്‍പകല്‍ നേരത്ത് മയക്കം' ആഗോള പ്രീമിയര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍; മൂന്ന് ദിവസം മൂന്ന് പ്രദര്‍ശനം
കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭവും പ്രധാന വേഷത്തിലെത്തിയ 'അറിയിപ്പ്' സിനിമയും അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കാനുണ്ട്.
തിരുവനന്തപുരം: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ ആഗോള പ്രീമിയര്‍ 27ആമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടക്കും. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ട് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. 12,13,14 തിയതികളില്‍ ടാഗോര്‍ തിയറ്റര്‍, ഏരീസ് പ്ലക്സ് ഓഡി 01, അജന്ത തിയറ്റര്‍ എന്നിവിടങ്ങളിലാണ് 'നന്‍പകല്‍ നേരത്ത് മയക്കം'സിനിമയുടെ പ്രദര്‍ശനങ്ങള്‍ നടക്കുക. ചിത്രം അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആണ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭവും പ്രധാന വേഷത്തിലെത്തിയ 'അറിയിപ്പ്' സിനിമയും അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരിക്കാനുണ്ട്.
തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങൾ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിൻ്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിച്ച് ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവിൽ വലയം പ്രാപിക്കുന്നതുമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ ഇതിവൃത്തം. ഇതില്‍ ഉൾപ്പെട്ട രണ്ട് കുടുംബങ്ങൾക്കും അയാൾ സുന്ദരം ആയി ജീവിക്കുന്നത് കണ്ടു നിൽക്കാനേ കഴിയുന്നുള്ളൂവെന്നും ജയിംസിൻ്റെയുള്ളിൽ കുടികൊള്ളുന്നത് തൻ്റെ ആത്മാവ് ആണെന്ന സത്യം പതിയെ മനസ്സിലാവുമ്പോൾ സുന്ദരം ആശങ്കയിലാകുന്നതുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.
മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മ്മിക്കുന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ. അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'വഴക്ക്', താമര്‍ കെ.വി സംവിധാനം ചെയ്ത 'ആയിരത്തൊന്ന് നുണകള്‍', അമല്‍ പ്രാസി സംവിധാനം ചെയ്ത 'ബാക്കി വന്നവര്‍', കമല്‍ കെ.എം സംവിധാനം ചെയ്ത 'പട', പ്രതീഷ് പ്രസാദ് സംവിധാനം ചെയ്ത 'നോര്‍മല്‍', അരവിന്ദ് എച്ച് സംവിധാനം ചെയ്ത 'ഗ്രേറ്റ് ഡിപ്രഷന്‍', രാരിഷ് ജി സംവിധാനം ചെയ്ത 'വേട്ടപ്പട്ടികളും ഓട്ടക്കാരും', സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'ആണ്', സതീഷ് ബാബുസേനന്‍, സന്തോഷ് ബാബു സേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടുമക്കളും', പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'ധബാരി ക്യൂരുവി', അഖില്‍ അനില്‍ കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആന്തോളജി സിനിമ 'ഫ്രീഡം ഫൈറ്റ്', ഇന്ദു വി.എസ് സംവിധാനം ചെയ്ത '19(1)(a)' എന്നീ സിനിമകളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. 'മലയാളം സിനിമ ഇന്ന്' വിഭാഗത്തില്‍ ആണ് ഈ സിനിമകള്‍ മത്സരിക്കുക. സംവിധായകന്‍ ആര്‍ ശരത് ചെയര്‍മാനായ ജൂറിയാണ് മലയാള സിനിമകള്‍ തെരഞ്ഞെടുത്തത്. സംവിധായകരായ ഷെറി, രഞ്ജിത് ശങ്കര്‍, അനുരാജ് മനോഹര്‍, ജീവ കെ.കെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജൂറിയിലുള്ളത്.