ആര്‍ആര്‍ആറും പുഷ്പയും കണ്ടു; മുഴുവന്‍ കാണാന്‍ തോന്നിയില്ലെന്ന് നസറുദ്ദീന്‍ ഷാ
പുരുഷത്വത്തിന്‍റെ അതിപ്രസരമുള്ള സിനിമകള്‍ കാണാന്‍ തനിക്കിഷ്ടമല്ല
മുംബൈ: ആർആർആർ', 'പുഷ്പ: ദി റൈസ്' തുടങ്ങിയ ജനപ്രിയ സിനിമകൾ കാണാൻ തനിക്ക് മുഴുവന്‍ കാണാന്‍ തോന്നിയില്ലെന്ന് നടന്‍ നസറുദ്ദീന്‍ ഷാ. അതിപുരുഷത്വം ആഘോഷിക്കുന്ന സിനിമകള്‍ കാണാന്‍ ഇഷ്ടമില്ലെന്നും നടന്‍ വ്യക്തമാക്കി.
ഈ രണ്ടു ചിത്രങ്ങളും കണ്ടെങ്കിലും പാതിവഴിയില്‍ നിര്‍ത്തി. പുരുഷത്വത്തിന്‍റെ അതിപ്രസരമുള്ള സിനിമകള്‍ കാണാന്‍ തനിക്കിഷ്ടമല്ല. "എനിക്ക് ആര്‍ആര്‍ആറും പുഷ്പയും കാണാൻ കഴിഞ്ഞില്ല. പക്ഷേ, ഞാൻ മണിരത്നത്തിന്‍റെ പൊന്നിയിൻ സെൽവൻ കണ്ടു, കാരണം അദ്ദേഹം ഒരു അജണ്ടയും ഇല്ലാത്ത പ്രമുഖ ചലച്ചിത്രകാരനാണ്. ഈ സിനിമകൾ കാണുന്നതിലൂടെ ആളുകൾക്ക് എന്ത് കിട്ടുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയില്ല. ഞാനൊരിക്കലും അവയെ ശ്രദ്ധിക്കാറില്ല''. 'ആർആർആർ' ഇഷ്ടപ്പെടുന്ന സ്ത്രീകളെ അദ്ദേഹം ചോദ്യം ചെയ്യുകയും എങ്ങനെയാണ് ഇത്രയധികം സ്ത്രീകള്‍ ചിത്രത്തെ ഇഷ്ടപ്പെട്ടതെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം സിനിമകൾ കൊണ്ട് പ്രേക്ഷകർക്ക് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചു വരികയാണ്. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകൾ കൂടുതൽ ഉണ്ടാകുന്നത്. അത്തരം സിനിമകൾ എത്ര സ്ത്രീകൾ ഇഷ്ടപ്പെടും? ഇത്തരം സിനിമകൾ ആസ്വദിച്ചാൽ ആളുകൾക്ക് എന്ത് കിട്ടാനാണ്. മാർവൽ യൂണിവേഴ്‌സുള്ള അമേരിക്കയിൽ പോലും ഇത് സംഭവിക്കുന്നു. ഇന്ത്യയിലെ സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ ‘എ വെൻസ്‌ഡേ’ പോലെയുള്ള സിനിമകളും പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. പൊന്നിയിൻ സെൽവൻ കണ്ടു. മണിരത്‌നത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല അതുകൊണ്ട് സിനിമ കണ്ടുകൊണ്ടിരിക്കാൻ സാധിച്ചു.' നസീറുദ്ദീൻ ഷാ പറഞ്ഞു.
കോടികള്‍ വാരിക്കൂട്ടിയ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് ആര്‍.ആര്‍.ആര്‍,പുഷ്പ,പൊന്നിയിന്‍ സെല്‍വന്‍ എന്നീ സിനിമകള്‍. ആര്‍.ആര്‍.ആര്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടിയ ചിത്രം കൂടിയാണ്. ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്കര്‍ പുരസ്കാരം ലഭിച്ചിരുന്നു. കോവിഡിന് ശേഷം സിനിമാ വ്യവസായത്തിന് ഉണര്‍വ് നല്‍കിയ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.