'ഉരുളൻകിഴങ്ങ് തിന്നുന്നവർ എന്നായിരുന്നു ആദ്യത്തെ പേര്'; ഒരുത്തീയുടെ വിശേഷങ്ങളുമായി നവ്യനായർ
"ദാരിദ്ര്യത്തിന്റെ ലക്ഷണമാണ് പൊട്ടാറ്റോ ഈറ്റേഴ്‌സ്. ഇവിടെയാണെങ്കിൽ ഉരുളൻ കിഴങ്ങിന് ഭയങ്കര വിലയും."
മലയാളത്തിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഒരുത്തീയിൽ അത് സംഭവിച്ചെന്നും നടി നവ്യനായർ. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം ലഭിച്ചെന്നും സിനിമ കുറേക്കൂടി റിയലിസ്റ്റിക്കായെന്നും നവ്യ പറഞ്ഞു. മീഡിയവൺ വെബ്ബിന് നൽകിയ വീഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
' ഒരുത്തീക്ക് കുറേ ടൈറ്റിലുകൾ ആലോചിച്ചിരുന്നു. ഓരോന്നും നന്നായിട്ടില്ല എന്നു ഞാൻ പറഞ്ഞു കൊണ്ടിരുന്നു. എന്താ വേണ്ടത് എന്നൊന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഉരുളൻ കിഴങ്ങ് തിന്നുന്നവർ എന്നായിരുന്നു ആദ്യത്തെ പേര്. അയ്യേ, ഇത് കോമഡി പടമാണെന്ന് ആളുകൾ വിചാരിക്കും എന്നു ഞാൻ പറഞ്ഞു. ദാരിദ്ര്യത്തിന്റെ ലക്ഷണമാണ് പൊട്ടാറ്റോ ഈറ്റേഴ്‌സ്. ഇവിടെയാണെങ്കിൽ ഉരുളൻ കിഴങ്ങിന് ഭയങ്കര വിലയും. പിന്നീടാണ് തീ എന്ന പേരിലെത്തിയത്. അത് തമിഴിലുണ്ടെന്ന് അറിഞ്ഞു. പിന്നീടാണ് ഒരുത്തീയുണ്ടായത്.' - അവർ പറഞ്ഞു.
'സിനിമയിൽ എനിക്ക് കിട്ടിയ അനുഗ്രഹങ്ങളാണ് കൂടുതൽ. എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്നാണ് കാണുന്ന എല്ലാവരും ചോദിച്ചു കൊണ്ടിരുന്നത്. സിനിമയുടെ മെറിറ്റ് വച്ചാണ് ആളുകൾ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മലയാളത്തിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരുത്തീയിൽ അങ്ങനെ സംഭവിച്ചു.'- നവ്യ കൂട്ടിച്ചേർത്തു.
മുംബൈയിലെയും കേരളത്തിലെയും ജീവിതത്തെ അവർ താരതമ്യപ്പെടുത്തിയത് ഇങ്ങനെ; ' വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ഓണം, വിഷു, ഉത്സവം എല്ലാറ്റിനും നാട്ടിൽ വരാറുണ്ട്. നാട്ടിൽ നിന്നു പോയിക്കഴിയുമ്പോൾ പിന്നൊരു ഓളമില്ല. മുംബൈയിൽ രാവിലെ ഇറങ്ങി നടക്കാൻ പോകാം. വളരെ കുറച്ച് മലയാളികളേ ഞാൻ താമസിക്കുന്ന ബിൽഡിങ്ങിൽ ഉള്ളൂ. അവർ എന്നെ കാണുന്നതു കൊണ്ട് അങ്ങനെയൊരു ആകാംക്ഷയില്ല. പക്ഷേ, കേരളത്തിൽ ഒരു രസമാണ്.'
വികെ പ്രകാശാണ് ഒരുത്തീയുടെ സംവിധായകൻ. ചിത്രത്തിൽ രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.