ചെമ്പരത്തിച്ചായ നല്ലതെന്ന് നയന്‍താര; വിമര്‍ശനവുമായി ഡോക്ടര്‍,വിഡ്ഢികളോട് തര്‍ക്കിക്കാനില്ലെന്ന് നടി
പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്‍ക്ക് മികച്ച പ്രതിവിധിയാണ് ചെമ്പരത്തി ചായയെന്നായിരുന്നു നടി പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരുന്നത്
ചെന്നൈ: ഹിബിസ്ക്സ് ചായയുടെ(ചെമ്പരത്തി) ഗുണഗണങ്ങളെക്കുറിച്ചുള്ള നടി നയന്‍താരയുടെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. നടിയുടെ പോസ്റ്റിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ലിവര്‍ ഡോക്ടര്‍ എന്ന പേരില്‍ പ്രശസ്തനായ മലയാളി ഡോക്ടര്‍ സിറിയക് ആബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. ചെമ്പരത്തിച്ചായ ഗുണത്തെക്കാളേറെ ദോഷങ്ങളുണ്ടാക്കുമെന്നായിരുന്നു ഡോക്ടറുടെ വാദം. ഇതേ തുടര്‍ന്ന് നയന്‍താര പോസ്റ്റ് പിന്‍വലിക്കുകയും പിന്നീട് വീണ്ടും വിശദീകരണങ്ങളോടെ പോസ്റ്റ് പിന്‍വലിക്കുകയുമായിരുന്നു.
പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്‍ക്ക് മികച്ച പ്രതിവിധിയാണ് ചെമ്പരത്തി ചായയെന്നായിരുന്നു നടി പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരുന്നത്. ഇതിനെക്കുറിച്ചറിയാന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളിനെ സമീപിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ലിവര്‍ ഡോക്ടര്‍ രംഗത്തെത്തിയതാണ് വിവാദത്തിലേക്ക് നയിച്ചത്. 80 ലക്ഷത്തിലധികം ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചാണ് നയന്‍താര പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്നും പ്രമേഹം പോലുള്ള രോഗങ്ങള്‍ ഭേദമാക്കാന്‍ ചെമ്പരത്തിച്ചായക്ക് സാധിക്കില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം.
ഡോക്ടറുടെ മറുപടി പോസ്റ്റ് വൈറലായതോടെ നയൻതാര തന്റെ കുറിപ്പ് പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് തന്‍റെ വാദങ്ങള്‍ സത്യമാണെന്നു ചൂണ്ടിക്കാട്ടുന്ന ചില കുറിപ്പുകളുമായി വീണ്ടും പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റിൽ ഡോക്ടർക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയും നല്‍കി. ഒരിക്കലും വിഡ്ഢികളോട് തർക്കിക്കരുത് എന്നു തുടങ്ങുന്ന മാർക്ക് ട്വെയ്ന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടുളള പോസ്റ്റാണ് താരം പങ്കുവച്ചത്. കൂടാതെ ചെമ്പരത്തി ചായയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന വെബ്സൈറ്റിന്‍റെ ലിങ്കും നടി ഷെയര്‍ ചെയ്തു.
നേരത്തെ ഹൈഡ്രജൻ പെറോക്‌സൈഡ് നെബുലൈസേഷനെ കുറിച്ചുള്ള നടി സമാന്തയുടെ പോസ്റ്റും വിവാദമായിരുന്നു. വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്നായിരുന്നു സാമന്തയുടെ വാദം. ഇതിനെതിരെയും ആബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് എബി പറഞ്ഞത്. സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നൽകണമെന്നും താരത്തെ ജയിലിൽ അടയ്ക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു.ആരോഗ്യ-ശാസ്ത്ര വിഷയങ്ങളില്‍ സാമന്ത നിരക്ഷരയാണെന്നും എബി ഫിലിപ്സ് പറഞ്ഞിരുന്നു.