പ്രതിഫലത്തിലും സൂപ്പർ സ്റ്റാർ; നയൻതാര വാങ്ങുന്നത് പത്തു കോടി
അഞ്ചു കോടി രൂപ വരെയാണ് സാമന്തയുടെ പ്രതിഫലം
2022ന്റെ ആദ്യ നാലു മാസം കടന്നുപോകുമ്പോൾ രാജ്യത്തുടനീളമുള്ള തിയേറ്ററുകളില്‍ തെന്നിന്ത്യന്‍ സിനിമകളുടെ തേരോട്ടമാണ്. ആർആർആർ, പുഷ്പ: ദ റൈസ് തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾ ബോളിവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കി. പ്രാദേശിക സിനിമകളുടെ ബോക്‌സ് ഓഫീസ് വിജയം താരങ്ങളുടെ പ്രതിഫലത്തിലും വൻ മാറ്റമുണ്ടാക്കി, പ്രത്യേകിച്ചും നടിമാരുടെ. തെന്നിന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹീറോയിനുകൾ ഇവരാണ്.
പട്ടികയില്‍ ആദ്യത്തെയാള്‍ സൂപ്പര്‍ താരം നയന്‍താര തന്നെ. സംവിധായകൻ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം ആഘോഷപൂർവ്വം കൊണ്ടാടിയ താരത്തിന്‍റെ അടുത്ത ചിത്രം ജയം രവിക്കൊപ്പമുള്ളതാണ്. പുതിയ ചിത്രത്തിന് നയൻസ് പത്തു കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 20 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിൽ നയൻസിനുള്ളത്. ഇരൈവൻ എന്നു പേരിട്ടിട്ടുള്ള ചിത്രം അഹ്‌മദാണ് സംവിധാനം ചെയ്യുന്നത്. തനി ഒരുവന് ശേഷം രവിയും നയൻസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇരൈവനുണ്ട്.
അല്ലു അർജുനൊപ്പമുള്ള പുഷ്പയിലെ ഐറ്റം നമ്പറിനു ശേഷം നടി സാമന്തയുടെ പ്രതിഫലവും കുത്തനെ കൂടി. മൂന്നു മുതൽ അഞ്ചു കോടി രൂപ വരെയാണ് താരം ഇപ്പോൾ ഈടാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിലൊരാളായ സൽമാൻ ഖാന്റെ നോ എൻട്രി 2വിൽ സാമന്ത നായികയായേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
തെലുങ്ക് നടി പൂജ ഹെഗ്‌ഡെയാണ് പ്രതിഫലത്തിൽ മുമ്പിലുള്ള മറ്റൊരു തെന്നിന്ത്യന്‍ താരം. പുരി ജഗന്നാഥിന്റെ ജനഗണമനയിൽ വിജയ് ദേവരകൊണ്ടയുടെ നായികയായ പൂജ 3-4 കോടി രൂപയാണ് ചിത്രത്തിനായി വാങ്ങിയത് എന്നാണ് ന്യൂസ് 18 റിപ്പോർട്ടു ചെയ്തത്. പ്രതിഫലം നടി അഞ്ചു കോടിയായി വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, രകുൽ പ്രീത് സിങ് എന്നിവർക്കൊപ്പമുള്ള പാൻ ഇന്ത്യൻ ചിത്രം റൺവേ 34ലും നടി ഈയിടെ വേഷമിട്ടിരുന്നു. മൂന്നരക്കോടിയായിരുന്നു പ്രതിഫലം.
തെന്നിന്ത്യയുടെ ജനപ്രിയ നടി തമന്ന ഭാട്ടിയയും പ്രതിഫലത്തിൽ പിന്നിലല്ല. ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്നു കോടി രൂപ. ബാഹുബലി: ദ ബിഗിനിങ്, കല്ലൂരി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് തമന്നയുടെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നത്. ഡിസ്‌നി ഹോട്‌സ്റ്റാറിന്റെ ക്രിമിനൽ മൈൻഡ്‌സ് എന്നു പേരിട്ടിട്ടുള്ള ത്രില്ലർ വെബ്‌സീരീസാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. റോബി ഗ്രെവാളാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
പുഷ്പയുടെ വിജയത്തിന് പിന്നാലെ, നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രഷ്മിക മന്ദാനയുടെ പ്രതിഫലത്തിലും വർധനയുണ്ടായി. ഒരു സിനിമയ്ക്ക് മൂന്നു കോടി രൂപ വരെയാണ് രശ്മിക ഈടാക്കുന്നത്. രണ്ടു കോടി രൂപ പ്രതിഫലം പറ്റുന്ന കാജൽ അഗർവാളാണ് മറ്റൊരു മുൻനിര നടി. പുഷ്പ 2വിലും രശ്മിക പ്രധാനവേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആഗസ്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ബാഹുബലി നായിക അനുഷ്‌ക ഷെട്ടി നാലു കോടി രൂപയും ശ്രുതി ഹാസൻ രണ്ടു കോടി രൂപയും പ്രതിഫലമായി വാങ്ങുന്നുണ്ട്. കന്നഡ സൂപ്പർ താരം യാഷിന്റെ അടുത്ത ചിത്രത്തിൽ അനുഷ്‌കയാണ് നായിക എന്നാണ് റിപ്പോർട്ട്. കെജിഎഫ് 2വിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് യാഷിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. കീർത്തി സുരേഷാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്ന മറ്റൊരു താരം. ഒരു സിനിമയ്ക്ക് രണ്ടു കോടി വരെയാണ് നടി പ്രതിഫലം പറ്റുന്നത്.