'പുതിയ ചാപ്ലിനെ വേണം, സിനിമ നിശബ്ദമാകില്ലെന്ന് തെളിയിക്കാന്‍...'; കാൻ ഫിലിം ഫെസ്റ്റിവലിൽ സെലൻസ്‌കി
ചാർലി ചാപ്ലിൻ ചിത്രം 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ' ഉൾപ്പെടെ, രണ്ടാം ലോകമഹായുദ്ധകാലത്തെ സിനിമയുടെ ശക്തിയെക്കുറിച്ചായിരുന്നു സെലൻസ്‌കി വീഡിയോ സന്ദേശത്തിൽ പരാമർശിച്ചത്
പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനവേദിയില്‍ പ്രത്യക്ഷപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലന്‍സ്കി. വീഡിയോ സന്ദേശത്തിലൂടെയാണ് അഭിനേതാവ് കൂടിയായ സെലന്‍സ്കി സദസിനെ അഭിസംബോധന ചെയ്തത്. നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലറെ പരിഹസിച്ച 1940ലെ ചാർലി ചാപ്ലിൻ ചിത്രം "ദി ഗ്രേറ്റ് ഡിക്റ്റേറ്റർ" ഉൾപ്പെടെ, രണ്ടാം ലോകമഹായുദ്ധകാലത്തെ സിനിമയുടെ ശക്തിയെക്കുറിച്ച് സെലന്‍സ്കി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കരഘോഷത്തോടെ എഴുന്നേറ്റ് നിന്നായിരുന്നു സെലന്‍സ്കിയെ ഉദ്ഘാടന വേദിയിലേക്ക് ജനം സ്വീകരിച്ചത്. "ചാപ്ലിന്റെ സിനിമ യഥാർത്ഥ സ്വേച്ഛാധിപതിയെ നശിപ്പിച്ചില്ല, പക്ഷേ സിനിമയ്ക്ക് നന്ദി, സിനിമ നിശബ്ദമായി നിന്നില്ല" സെലന്‍സ്കി പറഞ്ഞു. സിനിമ മൂകമല്ലെന്ന് തെളിയിക്കാന്‍ നമുക്ക് പുതിയ ചാര്‍ലി ചാപ്ലിനെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാസ് വെഗാസിൽ നടന്ന ഗ്രാമി അവാർഡ് ദാന ചടങ്ങിലും സെലെൻസ്‌കി ജനത്തെ അഭിസംബോധന ചെയ്തിരുന്നു.
NOW - Ukraine's Zelensky addresses Cannes Film Festival.pic.twitter.com/Rg4Nme9m4S
— Disclose.tv (@disclosetv) May 17, 2022
എഴുപത്തഞ്ചാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ യുക്രൈന്‍ യുദ്ധം പ്രധാന പ്രമേയമാണ്. റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിത്വാനിയൻ സംവിധായകൻ മന്താസ് ക്വേദരാവിഷ്യസിന്റെ 'മരിയുപൊളിസ് 2' എന്ന ഡോക്യുമെന്‍ററി ഫെസ്റ്റിവലില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. മെയ് 28വരെയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. ഫെസ്റ്റിവലില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിന്‍റെ സാന്നിധ്യം ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.
2015-ല്‍ കാനില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം വിന്‍സെന്റ് ലിന്‍ഡനാണ് ജൂറി അധ്യക്ഷന്‍. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപോസ്, നടിയും തിരക്കഥാകൃത്തും നിര്‍മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്മിന്‍ ട്രിന്‍ക്, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിക്കന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ്, നോര്‍വേയില്‍നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.